Skip to main content

ചേർത്തല ഇരുമ്പുപാലം പുനർനിർമ്മിക്കുന്നതിന് 20.61 കോടി രൂപയുടെ കിഫ്‌ബി അനുമതി: മന്ത്രി പി. പ്രസാദ് 

 

ചേർത്തല ഇരുമ്പുപാലം പുനർ നിർമ്മിക്കുന്നതിന് കഴിഞ്ഞ  കീഫ് ബി  ബോർഡ് മീറ്റിംഗ് 20.61 കോടി രൂപയുടെ സാമ്പത്തിക അനുമതി നൽകിയതായി കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു. ചേർത്തല നഗരഹൃദയത്തിലുള്ള, കാലപ്പഴക്കംചെന്ന പഴയ പാലം പൊളിച്ച് വീതിയേറിയ പുതിയ പാലമാണ് നിർമ്മിക്കുന്നത്. ഗതാഗതകുരുക്ക് മൂലം വീർപ്പുമുട്ടുന്ന ചേർത്തലയിൽ പുതിയപാലം വലിയ അനുഗ്രഹമാകും എന്ന് പി പ്രസാദ് പറഞ്ഞു. 31.9 മീറ്റർ നീളവും 14 മീറ്റർ വീതിയിലാണ് പുതിയ പാലം. 1.5 മീറ്റർ വീതം ഇരുഭാഗത്തും നടപ്പാതയോട് കൂടിയുള്ള പാലമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. 3 തൂണുകളിൽ ആയാണ് പാലത്തിൻറെ നിർമ്മിതി. നിലവിലുള്ള പാലത്തേക്കാൾ നാലടിയോളം ഉയരം പുതിയ പാലത്തിന് കൂടുതലായിരിക്കും. കൂടാതെ പാലത്തിൻറെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ 14 മീറ്റർ വീതിയിൽ 150 മീറ്റർ നീളത്തിലും, സമീപനപാതയും പാലത്തിലേക്ക് എത്തുന്ന എ.എസ്. കനാലിന് കിഴക്കും പടിഞ്ഞാറും തീരത്തുള്ള റോഡുകൾക്ക് 100 മീറ്ററും സമീപനപാത ഇതോടൊപ്പം നിർമിക്കും. നിർമാണത്തിന്റെ നിർവഹണ ഏജൻസിയായ കെ ആർ എഫ് ബി യുടെ സാങ്കേതിക അനുമതിയും ജലസേചന വകുപ്പിന്റെ അനുമതിയും ആണ് അടുത്തഘട്ടത്തിൽ ലഭിക്കാൻ ഉള്ളത്. നിർമ്മാണത്തിന് ആവശ്യമായ സ്ഥലംഏറ്റെടുപ്പ് പ്രവർത്തികൾക്കായി ഫോം 2 ഉടൻ ആലപ്പുഴ കളക്ടർക്ക് നൽകും. സെന്റ്. മേരീസ് പാലം പൂർത്തിയായാൽ ഉടൻ ഇരുമ്പ് പാലം നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് കൃഷിമന്ത്രി പറഞ്ഞു.

date