Skip to main content

കുട്ടംപേരൂര്‍ ആറ് മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

 പുനരുജ്ജീവിപ്പിച്ച കുട്ടംപേരൂര്‍ ആറിന്റെ സമര്‍പ്പണം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ ഹരിത കേരളം മിഷനില്‍ ഉള്‍പ്പെടുത്തി നബാര്‍ഡില്‍ നിന്നും അനുവദിച്ച 15.70 കോടി രൂപ ചെലവഴിച്ച് മൂന്നു ഘട്ടങ്ങളിലായിട്ടാണ് കുട്ടന്‍പേരൂര്‍ ആറിന്റെ നവീകരണം. മാന്നാര്‍, ചെന്നിത്തല, ബുധനൂര്‍ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിട്ടാണ് കുട്ടംപേരൂര്‍ ആറ് ഒഴുകുന്നത്. 7.5 കിലോമീറ്റര്‍ ആണ് ദൈര്‍ഘ്യം. അച്ചന്‍കോവില്‍ ഉത്ഭവിച്ച് പമ്പയിലെ ഇല്ലിമലയില്‍ വന്നുചേരുന്നതാണ് കുട്ടംപേരൂര്‍ ആറ്. കാല്‍ നൂറ്റാണ്ടിലധികം മാലിന്യത്താല്‍ നീരൊഴുക്ക് നിലച്ച നിലയിലായിരുന്നു ഈ ആറിന്റെ അവസ്ഥ. തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി ആറിന്റെ നവീകരണത്തിന് തുടക്കമിട്ടു.

ബുധനൂര്‍ പഞ്ചായത്തിലെ 1300 തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് 30 ദിവസം കൊണ്ട് 39000 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചാണ് കുട്ടംപേരൂര്‍ ആറിലെ നീരൊഴുക്ക് പൂര്‍ണമായും പുനസ്ഥാപിച്ചത്. ബണ്ടു റോഡ്, കയര്‍ ഭൂവസ്ത്രം വിരിച്ച ബണ്ടുകള്‍, കുളിക്കടവുകള്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെടുത്തിയുള്ള തോടുകള്‍ അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇതിനായി നടത്തിയത്.

കുട്ടംപേരൂര്‍ ആറിന്റെ നവീകരണം പൂര്‍ത്തിയാകുന്നതോടെ ഇതൊരു വിനോദസഞ്ചാര ഹബ്ബായി മാറും. മാന്നാര്‍-ചെങ്ങന്നൂര്‍-ആറന്മുള പൈതൃക പദ്ധതികളെ ഇതുമായി യോജിപ്പിച്ചാകും വിനോദസഞ്ചാരം ഒരുക്കുക. ഇവിടെ ബോട്ടിംഗ്, ഹോട്ടല്‍ ശൃംഖല, ബോട്ട് ക്ലബ്ബുകള്‍, വാട്ടര്‍ സ്റ്റേഡിയം എന്നിവ ഒരുക്കുന്നതിനും പദ്ധതിയുണ്ട്. 2019, 2022 വര്‍ഷങ്ങളില്‍ കുട്ടംപേരൂര്‍ എണ്ണക്കാട് ജലോത്സവവും ഇവിടെ സംഘടിപ്പിച്ചിരുന്നു.

കുട്ടന്‍പേരൂര്‍ ആറിന് സമീപത്തുള്ള ക്ഷേത്രം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

date