Skip to main content

എന്റെ കേരളം-2023 പ്രദര്‍ശന വിപണന മേള പാലക്കാട് ഏപ്രില്‍ 9 മുതല്‍ 15 വരെ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മേളയ്ക്ക് തിരിതെളിക്കും

 

മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും

 

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'എന്റെ കേരളം-പ്രദര്‍ശന വിപണന മേള-2023' ന് ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഒന്‍പതിന് വൈകിട്ട് ആറിന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും. പൊതുജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കുന്ന മേളയില്‍ ഏഴ് ദിവസവും പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങളും വിവരങ്ങളുമെല്ലാം ലഭ്യമാകും.

വര്‍ക്കിങ് മോഡലുകളുമായി കെ.എസ്.ഇ.ബി

ഊര്‍ജസംരക്ഷണം സംബന്ധിച്ച് ബി.എല്‍.ഡി.സി (ബ്രഷ്ലെസ് ഡയറക്ട് കറന്റ്) ഫാന്‍, സ്മാര്‍ട്ട് സ്വിച്ച് തുടങ്ങിയ മോഡലുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കെ.എസ്.ഇ.ബിയുടെ സ്റ്റാളില്‍ പ്രദര്‍ശനത്തിനുണ്ടാകും. ഇരുമ്പുതോട്ടി ഉപയോഗം എന്നതിന്റെയും വീടുകളില്‍ ഇ.എല്‍.സി.ബി.(എര്‍ത്ത്-ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍) വെക്കുന്നതിന്റെ ആവശ്യകതയും വര്‍ക്കിങ് മോഡലിലൂടെ പ്രദര്‍ശിപ്പിക്കും. കൂടാതെ സോളാര്‍ വാട്ടര്‍ പമ്പ്, കൃഷിക്കായി ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത ഓട്ടോമാറ്റഡ് വാട്ടര്‍ പമ്പ്, ഹൈഡ്രോ പവര്‍ ജനറേഷന്‍, വിന്‍ഡ് ജനറേഷന്‍, ട്രാന്‍സ്മിഷന്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമായ ട്രാന്‍സ്ഗ്രിഡ് മോഡല്‍ തുടങ്ങിയവയും പ്രദര്‍ശിപ്പിക്കും. ടെക്‌നോസോണില്‍ പോള്‍ മൗണ്ട്ഡ് ചാറ്റിങ് സ്റ്റേഷന്‍ മാതൃക എന്നിവയും സ്റ്റാളില്‍ ഉണ്ടാകും. വൈകുന്നേരങ്ങളില്‍ ഏരിയല്‍ സ്‌കൈ ലിഫ്റ്റിന്റെ മാതൃക പ്രദര്‍ശിപ്പിക്കും. സുരക്ഷയെ കുറിച്ചും ജനങ്ങള്‍ക്ക് കെ.എസ്.ഇ.ബി നല്‍കുന്ന സേവനങ്ങളെ കുറിച്ചും സന്ദര്‍ശകര്‍ക്കായി വിശദീകരിക്കും. പോയ കാലങ്ങളില്‍ കെ.എസ്.ഇ.ബിയെ നയിച്ച മന്ത്രിമാരുടെ വിവരങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കും.

പുനരുപയോഗ ഊര്‍ജ്ജ രംഗത്തെ നേട്ടങ്ങളുമായി അനര്‍ട്ട്

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പുനരുപയോഗ ഊര്‍ജ്ജ രംഗത്ത് കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അനര്‍ട്ട് സ്റ്റാള്‍ ഒരുക്കും. കാര്‍ഷിക പമ്പുകളെ പൂര്‍ണമായും സൗജന്യമായി സൗരോര്‍ജവത്ക്കരിക്കുന്നതിനുള്ള ഓണ്‍-ഗ്രിഡ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പി.എം. കുസും പദ്ധതി, ആദിവാസി കോളനിയില്‍ സ്ഥാപിച്ച മൈക്രോഗ്രിഡ് സോളാര്‍- വിന്‍ഡ് ഹൈബ്രിഡ് പവര്‍ പ്ലാന്റ്, സോളാര്‍ പവേര്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ എന്നിവയുടെ ത്രീഡി ഡെമോണ്‍സ്ടേഷന്‍ മോഡലുകളാണ് അനര്‍ട്ട് സ്റ്റാളില്‍ ഒരുക്കുന്നത്. ഇതിനുപുറമെ അനര്‍ട്ട് മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ വീഡിയോ വാള്‍, ബാനര്‍, ബ്രോഷര്‍ വിതരണം എന്നിവ നടക്കും.

കാര്‍ഷിക പമ്പുകള്‍ സൗരോര്‍ജവത്ക്കരിക്കുന്നതിനുള്ള പി.എം. കുസും പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ അവസരം

കാര്‍ഷിക മേഖലയ്ക്കും ഊര്‍ജ്ജ വകുപ്പിനും കര്‍ഷകര്‍ക്കും ഒരുപോലെ ഗുണകരമാകുന്ന പി.എം കുസും പദ്ധതിയില്‍ കൃഷിഭവന്‍ മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. കര്‍ഷകര്‍ക്ക് അവരുടെ അതാത് കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. 100 ശതമാനം സബ്സിഡി നിരക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷിയിടത്തിലെ ഉപയോഗ ശേഷമുള്ള വൈദ്യുതി ബോര്‍ഡിന് വില്‍ക്കാന്‍ കഴിയുന്നതിനാല്‍ പി.എം കുസും കര്‍ഷകര്‍ക്ക് വരുമാനദായകം കൂടിയാകുന്ന ഒരു പദ്ധതിയാണ് എന്നതാണ് പ്രത്യേകത. എന്നാല്‍ പദ്ധതി സംബന്ധിച്ച് വ്യക്തമായ ധാരണ കര്‍ഷകര്‍ക്കില്ല. അതിനാല്‍ പദ്ധതി സംബന്ധിച്ച് കര്‍ഷകരിലെ തെറ്റിദ്ധാരണകളും സംശയങ്ങളും ദൂരീകരിക്കാന്‍ പ്രത്യേകം സൗകര്യവും സ്റ്റാളില്‍ ഉണ്ടാകും.

എന്റെ കേരളം പ്രദര്‍ശന വിപണനമേള
 

മേള ആകര്‍ഷകമാക്കാന്‍ പുഷ്പമേള

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ചന്തം ചാര്‍ത്താന്‍ സഹകരണ വകുപ്പ് പുഷ്പമേള ഒരുക്കുന്നു. ആഡിനിയം, ഡാലിയ, ട്യര്‍നഷ്യ, ദയന്തസ്, ഫിലോഷ്യ, ജമന്തി, റോസ്, തെച്ചി തുടങ്ങിയ പുഷ്പങ്ങള്‍ സ്റ്റാളില്‍ നിറഞ്ഞ് നില്‍ക്കുന്നത് മനോഹര കാഴ്ചയാകും. നെന്മാറ ബ്ലോക്ക് യുവസഹകരണ സംഘമാണ് 700 ചതുരശ്ര അടിയില്‍ പുഷ്പമേള ഒരുക്കുന്നത്. പുഷ്പങ്ങള്‍ക്ക് പുറമേ പയര്‍, വെണ്ട, അവര, പടവലം, മുളക്, ചീര, വഴുതിന തുടങ്ങിയവയുടെ വിത്തുകളും സ്റ്റാളില്‍ ലഭിക്കും. ഓറഞ്ച്, ഞാവല്‍, സപ്പോട്ട, പ്ലാവ്, മാവ്, പേരയ്ക്ക, തുടങ്ങിയ ഫലവൃക്ഷത്തെകളും കറിവേപ്പ്, പുതീന, കറ്റാര്‍വാഴ, ആര്യവേപ്പ് തുടങ്ങിയ ഔഷധസസ്യങ്ങളും മേളയിലെത്തും. പച്ചക്കറിതൈകകളും സ്റ്റാളില്‍ ഉണ്ടാകും.

ചെടികളുടെ പരിപാലനം, വളം, കീടനാശിനി തുടങ്ങിയവും ലഭിക്കും

ചെടികളുടെ പരിപാലനത്തിന് സഹായിക്കുന്ന ജൈവ കീടനാശിനിയായ വേപ്പെണ്ണ, ചാണകം, കമ്പോസ്റ്റ് കലര്‍ന്ന ജൈവവളം എന്നിവ സ്റ്റാളില്‍ ലഭിക്കും. ഓരോ ചെടിയും പരിപാലിക്കേണ്ട രീതികളെ കുറിച്ച് സ്റ്റാളില്‍ വിശദീകരിക്കുകയും ചെയ്യും. ശീതീകരിച്ച 200-ഓളം സ്റ്റാളുകളുള്ള മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.

date