Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള ബിസിനസ് ടു ബിസിനസ് മീറ്റുമായി ജില്ലാ വ്യവസായ കേന്ദ്രം

 

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ജില്ലാ വ്യവസായ കേന്ദ്രം സ്റ്റാളില്‍ ബിസിനസ് ടു ബിസിനസ് മീറ്റ് ഒരുക്കും. ജില്ലയിലെ മുഴുവന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, നിര്‍മാണ സ്ഥാപനങ്ങള്‍, ടെക്‌സ്‌റ്റൈല്‍സ്, ഫര്‍ണിച്ചര്‍ സ്ഥാപനങ്ങള്‍ എന്നിവയെ ഉള്‍പ്പെടുത്തിയാണ് മീറ്റ് നടത്തുന്നത്. ഏകദേശം 100 ഉപഭോക്താക്കള്‍ മീറ്റില്‍ ഉണ്ടായിരിക്കും. ഉപഭോക്താവും വ്യാപാരികളും പരസ്പരം കണ്ട് അവരുടെ ആവശ്യങ്ങളും വിലയും ഉപാധികളും നിബന്ധനകളുമെല്ലാം ചര്‍ച്ച ചെയ്ത് അംഗീകരിച്ചുകൊണ്ട് ബിസിനസ് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. കൊമേഴ്‌സ്യല്‍ സ്റ്റാളിന് അകത്തുതന്നെ ഇതിനുള്ള സജ്ജീകരണം ഉണ്ടായിരിക്കും. അതിനുപുറമേ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പദ്ധതികളും സേവനങ്ങളും ഉള്‍പ്പെടുത്തിയ സ്റ്റാളും ഉണ്ടായിരിക്കും.വ്യവസായ കേന്ദ്രത്തിന്റെ 75 സ്റ്റാളുകളും കുടുംബശ്രീയുടെ 35 സ്റ്റാളുകളും ഉള്‍പ്പെടെ 110 സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാകും. ഭക്ഷണ-പാനീയം, തുണിത്തരങ്ങള്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചര്‍, കരകൗശല വസ്തുക്കള്‍, റബര്‍ ഉത്പന്നങ്ങള്‍, ഗാര്‍ഹിക ഉത്പന്നങ്ങള്‍ തുടങ്ങി വിവിധതരം സ്റ്റാളുകളാണ് മേളയില്‍ ഉണ്ടാവുക. 200-ഓളം ശീതീകരിച്ച സ്റ്റാളുകളുള്ള മേളയില്‍ പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.
 

date