Skip to main content

അനീമിയ്ക്കാണോ..? സൗജന്യമായി പരിശോധിക്കാം എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍

 

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വിളര്‍ച്ച അറിയാന്‍ സൗജന്യ എച്ച്.ബി സ്‌ക്രീനിങ്ങിനും എന്‍.സി.ഡി ചെക്ക് അപ്പിനും അവസരം. ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സ്റ്റാളുകളാണ് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) മേളയില്‍ ഒരുക്കുന്നത്. ആരോഗ്യ വകുപ്പിന്റെ സേവനങ്ങളെല്ലാം പൊതുജനങ്ങള്‍ക്ക് സൗജന്യമായി സ്റ്റാളുകളില്‍ നിന്ന് ലഭിക്കും. ഇ-സഞ്ജീവനി, ഇ-ഹെല്‍ത്ത്, വിളര്‍ച്ച (അനീമിയ) കണ്ടെത്തുന്നതിന് എച്ച്.ബി സ്‌ക്രീനിങ്, എന്‍.സി.ഡി ചെക്ക് അപ്പ് (ഷുഗര്‍, പ്രഷര്‍ പരിശോധന), പാലീയേറ്റീവ് രോഗികള്‍ നിര്‍മ്മിച്ച വിവിധ ഉത്പന്നങ്ങളുടെ വിപണനം എന്നിവയും ഉണ്ടായിരിക്കും.

വിളര്‍ച്ച കണ്ടെത്താന്‍ സൗജന്യ
എച്ച്.ബി സ്‌ക്രീനിങ്ങും എന്‍.സി.ഡി ചെക്ക് അപ്പും

വിളര്‍ച്ചമുക്ത കേരളത്തിനായി നടപ്പാക്കുന്ന വിവാ ക്യാമ്പയിനിന്റെ ഭാഗമായി 15 മുതല്‍ 59 വരെ പ്രായമുള്ള സ്ത്രീകളില്‍ വിളര്‍ച്ച ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് എച്ച്.ബി സ്‌ക്രീനിങ് സൗകര്യവും മേളയില്‍ ഉണ്ടായിരിക്കും. രക്തപരിശോധനയില്‍ വിളര്‍ച്ച കണ്ടെത്തിയാല്‍ തുടര്‍പരിഹാരം നിര്‍ദേശിക്കും. ഇതിനായി ആരോഗ്യ വിദഗ്ധരുടെ സേവനവും മേളയില്‍ ലഭ്യമാകും. ഇതോടൊപ്പം രക്തസമ്മര്‍ദ്ദവും പ്രമേഹരോഗവും കണ്ടെത്തുന്നതിനുള്ള എന്‍.സി.ഡി ചെക്ക് അപ്പ് സൗകര്യവും ഉണ്ടായിരിക്കും.

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനത്തിന് ഇ-സഞ്ജീവനി സൗകര്യം

ഓണ്‍ലൈന്‍ മുഖേനെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് മേളയില്‍ സൗകര്യം ഉണ്ടായിരിക്കും. ഇ-സഞ്ജീവനി സൗകര്യത്തിലൂടെ പൊതുജനങ്ങള്‍ക്ക് രോഗ വിവരങ്ങള്‍ വീഡിയോ കോളിങ്, ടെലി കോളിങ് മുഖേന സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരോട് സംസാരിച്ച് ചികിത്സ തേടാം. കോവിഡ് കാലത്താണ് ഈ സൗകര്യം ആരംഭിച്ചത്.

മെഡിക്കല്‍ ഹിസ്റ്ററിക്കായി
പൊതുജനങ്ങള്‍ക്ക് യു.എച്ച്.ഐ കാര്‍ഡ് സൗകര്യം

ഏതൊരു രോഗിയുടെയും മെഡിക്കല്‍ ഹിസ്റ്ററി ഏതൊരു ഡോക്ടര്‍ക്കും മനസിലാക്കുന്നതിനായുള്ള യു.എച്ച്.ഐ കാര്‍ഡ് (യുണിക് ഹെല്‍ത്ത് ഐഡന്റിറ്റി കാര്‍ഡ്) ഇ-ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ മേളയില്‍ സൗകര്യമുണ്ടായിരിക്കും. ആധാര്‍ വിവരങ്ങള്‍ നല്‍കിയാല്‍ യു.എച്ച്.ഐ കാര്‍ഡ് ലഭ്യമാകും. ഇതുമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചെന്നാല്‍ രോഗികളുടെ മെഡിക്കല്‍ ഹിസ്റ്ററി കാര്‍ഡില്‍ ഉള്‍പ്പെടുത്തും. ഈ കാര്‍ഡ് ഉണ്ടെങ്കില്‍ ഏത് ഡോക്ടര്‍മാര്‍ക്കും രോഗികളുടെ രോഗവിവരങ്ങള്‍ അറിയാന്‍ സാധിക്കും.

പാലിയേറ്റീവ് രോഗികള്‍ നിര്‍മ്മിച്ച വിവിധ ഉത്പന്നങ്ങളുടെ വിപണനം

കിടപ്പുരോഗികള്‍ നിര്‍മ്മിച്ച വിവിധ ഉത്പന്നങ്ങളുടെ വിപണനവും മേളയോടനുബന്ധിച്ച് ഉണ്ടാകും. നെറ്റിപ്പട്ടം, പേപ്പര്‍ പേന, ഫിനോയിലുകള്‍, ഡിറ്റര്‍ജന്റുകള്‍ തുടങ്ങിയ വിവിധതരം ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കും.
 

date