Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള: വാഹനം പര്യടനം ഇന്ന് സ്‌റ്റേഡിയം സ്റ്റാന്‍ഡിനു മുന്നില്‍ സമാപിക്കും

 

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള കലാസംഘത്തിന്റെ വാഹന പര്യടനം ഇന്ന് (ഏപ്രില്‍ 9) സ്റ്റേഡിയം സ്റ്റാന്‍ഡിന് മുന്നില്‍ സമാപിക്കും. വൈകിട്ട് നാലിന് സ്റ്റേഡിയത്ത് എത്തുന്ന പ്രചാരണ വാഹനം ഘോഷയാത്രയില്‍ അണിചേരും. വിവിധ കലാപരിപാടികളും അവതരിപ്പിക്കും. മേളയിലെ സ്റ്റാളുകളുടെ പ്രദര്‍ശന വിവരങ്ങള്‍ അടങ്ങിയ സ്‌കിറ്റുകളും പാട്ടുകളും ഉള്‍ക്കൊള്ളിച്ചാണ് പ്രചാരണം. ആര്‍.എന്‍ ആര്‍ട്‌സ് ഹബ്ബിലെ കലാകാരന്മാരായ നവീന്‍ പാലക്കാട്, കലാഭവന്‍ രതീഷ് എന്നിവരുടെയും അട്ടപ്പാടി ഗോത്ര കലാമണ്ഡലത്തിലെ പി. ശോഭയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെയും കലാപരിപാടികളാണ് അവതരിപ്പിക്കുന്നത്.
ഇന്ന് (ഏപ്രില്‍ 9) പുതുശ്ശേരി, കല്ലേപ്പുള്ളി, മലമ്പുഴ, ഒലവക്കോട്, മുണ്ടൂര്‍, പിരായിരി, കണ്ണാടി, കൊടുമ്പ് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷമാണ് സ്റ്റേഡിയം സ്റ്റാന്‍ഡില്‍ എത്തുക. വാഹന പ്രചാരണത്തിന്റെ അഞ്ചാം ദിനം കൊടുവായൂര്‍, വണ്ടിത്താവളം, ചിറ്റിലഞ്ചേരി, ചിറ്റൂര്‍ (അണിക്കോട്), നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, നെന്മാറ, കൊല്ലങ്കോട് എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെയാണ് മേള നടത്തുന്നത്.

date