Skip to main content
'എന്റെ കേരളം-പ്രദര്‍ശന വിപണന മേള- ഉദ്ഘാടനം

സേവനങ്ങളുടെ, കാഴ്ചകളുടെ, വിസ്മയങ്ങളുടെ പ്രഭാപൂരമൊരുക്കി എന്റെ കേരളം-2023 പ്രദര്‍ശന വിപണന മേളയ്ക്ക് ജില്ലയിൽ തിരിതെളിഞ്ഞുവൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി

 

 
സേവനങ്ങളുടെ, കാഴ്ചകളുടെ, വിസ്മയങ്ങളുടെ പ്രഭാപൂരമൊരുക്കിഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'എന്റെ കേരളം-പ്രദര്‍ശന വിപണന മേള-2023' ന് തിരിതെളിഞ്ഞു. ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന പരിപാടി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി.

കേന്ദ്ര സർക്കാരിന്റെ നികുതി നയങ്ങൾ വലിയ പ്രതിസന്ധി സംസ്ഥാനത്ത് എല്ലാ മേഖലകളിലും ഉണ്ടാക്കുന്ന സാഹചര്യത്തിലും വലിയ വികസന പ്രവർത്തനങ്ങൾ എല്ലാ മേഖലകളിലും സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. എന്റെ കേരളം 2023 പ്രദർശന വിപണന മേള പാലക്കാട്  ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ അധികാരത്തിൽ വന്ന ശേഷം ഉത്പാദന മേഖലയിൽ വലിയ കുതിപ്പാണ് നടത്തിയിട്ടുള്ളത്. 500 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷി അധികമായി ഉണ്ടാക്കി. ജില്ലയിൽ കഞ്ചിക്കോട് മൂന്ന് മെഗാവാട്ട് സൗരോർജ്ജ പ്ലാന്റ് പൂർത്തീകരിച്ചു. പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ 2277 വീടുകളുടെ പുരപ്പുറങ്ങളിൽ നിന്നായി എട്ട് മെഗാവാട്ട്  വൈദ്യുതി ഉത്പാദിപ്പിക്കുവാൻ കഴിഞ്ഞു. 110 കെ.വി പട്ടാമ്പി സബ്സ്റ്റേഷൻ നാടിന് സമർപ്പിച്ചതായും മന്ത്രി പറഞ്ഞു. 

110 കെ.വി വെണ്ണക്കര ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ പൂർത്തീകരിച്ചു. 220 കെ.വി ഷൊർണ്ണൂർ സബ്സ്റ്റേഷൻ ജി.ഐ.എസ് ആക്കിയുള്ള നവീകരണം ഈ വർഷം തന്നെ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരസഹകരണ സംഘങ്ങളുടെ വൈദ്യുതി താരിഫ് കൊമേർഷ്യൽ ബില്ലിൽ നിന്നും കാർഷിക ബില്ലിലേക്ക് മാറ്റുന്നതിനുള്ള ആവശ്യം പരിഹരിക്കാൻ കഴിഞ്ഞതായും ഇതിലൂടെ യൂണിറ്റിന് മൂന്നു രൂപയുടെ ഇളവ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കാർഷികരംഗത്ത് പ്രിസിഷൻ ഫാമിങ്ങിന്റെ സാധ്യതകളെ കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും ചിറ്റൂരിൽ തക്കാളി കൃഷിയിൽ പ്രിസിഷൻ ഫാമിങ്ങിലൂടെ ലോക റെക്കോർഡ് മറികടന്നാണ് തക്കാളി ഉത്പാദിപ്പിക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാധ്യതകൾ എല്ലാ കൃഷിയിലും അവലംബിക്കാൻ ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനം പ്രതികൂല സാഹചര്യത്തിലും വികസന പ്രവർത്തനങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നു: മന്ത്രി എം.ബി രാജേഷ്

സംസ്ഥാനം അതീവ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. എന്റെ കേരളം 2023 പ്രദർശന വിപണന മേള ഉദ്ഘാടനത്തിന് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് 40,000 കോടിയോളം രൂപ നികുതി നഷ്ടം നേരിടേണ്ടി വന്ന സാഹചര്യത്തിലും 23,000 കോടി രൂപ തനത് വരുമാനം വർധിപ്പിക്കാനായി. സംസ്ഥാനം നേരിട്ട നികുതി നഷ്ടം സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ചെങ്കിലും തനത് വരുമാനം വർധിപ്പിക്കാനായത് പ്രതിസന്ധി സൃഷ്ടിക്കാതെ നിലനിർത്തി. ഇത്തരം ഞെരുക്കം ഇല്ലായിരുന്നെങ്കിൽ സംസ്ഥാനം വികസനക്കുതിപ്പിൽ കൂടുതൽ മികവുറ്റതായെനെയെന്നും അദ്ദേഹം പറഞ്ഞു. 2024 ഓടെ സമ്പൂർണ മാലിന്യ സംസ്കരണ വിമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുക ലക്ഷ്യമാക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഇത് അസാധ്യമായ കാര്യമല്ല. മറ്റൊരു ബ്രഹ്മപുരം പ്രതിസന്ധി സൃഷ്ടിക്കപ്പെടാതിരിക്കാൻ നമ്മൾ ഓരോരുത്തരും മാലിന്യ സംസ്കരണം സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കണം. ജനപങ്കാളിത്തത്തോടെ മാത്രമേ മാലിന്യമുക്ത സംസ്ഥാനം സൃഷ്ടിക്കാനാകൂ. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിച്ച് അജൈവ മാലിന്യങ്ങൾ ഹരിത കർമ സേനാംഗങ്ങൾക്ക് യൂസർ ഫീ നൽകി കൈമാറാൻ ജനങ്ങൾ തയ്യാറാകണം. യൂസർ ഫീ നൽകുന്നതിൽ വിമുഖത കാണിക്കരുത്. നവകേരളത്തെ വൃത്തിയുള്ള മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. 

ആലത്തൂർ കൃഷി ഓഫീസ് ഫാമിൽ നിന്നുള്ള പച്ചക്കറി വിത്തുകൾ നൽകിയാണ് മന്ത്രിമാരെ സ്വീകരിച്ചത്. പരിപാടിയിൽ എം.എല്‍.എമാരായ എ. പ്രഭാകരൻ, അഡ്വ. കെ. ശാന്തകുമാരി, അഡ്വ. കെ. പ്രേംകുമാര്‍,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, എ.ഡി.എം കെ. മണികണ്ഠൻ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

മന്ത്രിമാരുടെ ചിത്രങ്ങൾ സമ്മാനിച്ച് വിദ്യാർത്ഥികൾ

'എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന വേദിയിൽ മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം.ബി രാജേഷ് എന്നിവരുടെ ചിത്രങ്ങൾ വരച്ച് കൈമാറി വിദ്യാർത്ഥികൾ. വട്ടേനാട് ജി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥിനികളായ പി.ജി വേദജ, പി.ജി മേധജ എന്നിവരാണ് മന്ത്രിമാരുടെ ചിത്രങ്ങൾ വരച്ചത്. ഇരട്ട സഹോദരികളായ ഇരുവരും ലളിത കലാ അക്കാദമിയിലടക്കമുള്ള ആർട്ട് ഗാലറികളിൽ സ്വന്തം വരകളുടെ പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനോടകം ഇരുവരും 700 ഓളം ചിത്രങ്ങൾ വരച്ചിട്ടുണ്ട്.

കരിങ്കാളിയാട്ടം, കളരിപ്പയറ്റ്, പഞ്ചവാദ്യ അകമ്പടിയോടെ ഘോഷയാത്ര

എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി കരിങ്കാളിയാട്ടം, പഞ്ചവാദ്യം, കളരിപ്പയറ്റ് അകമ്പടിയോടെ വിപുലമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തു നിന്നുമാണ് വിളംബര ഘോഷയാത്ര ആരംഭിച്ചത്.

താളവാദ്യത്തോടെ നിരവധി പേര്‍ അണിനിരന്ന ഘോഷയാത്രയുടെ മുന്നോടിയായി പാലക്കാട് ഗവ വിക്ടോറിയ കോളെജിന് മുന്നിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലിയുടെയും റോളർ സ്‌കേറ്റിങ്ങിന്റെയും ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര ബലൂൺ പറത്തി നിർവഹിച്ചു.

ജില്ലാ റോളര്‍ സ്‌കേറ്റിങ് അസോസിയേഷനില്‍ നിന്നുള്ള റോളര്‍ സ്‌കേറ്റിങ് സംഘം, ജില്ലാ സൈക്കിളിങ് അസോസിയേഷന്‍, ജില്ലാ സൈക്കിള്‍ പോളോ അസോസിയേഷന്‍ അംഗങ്ങൾ പങ്കെടുത്ത സൈക്കിള്‍ റാലി, നെൽക്കറ്റകളുമായി കർഷകർ, അട്ടപ്പാടി ഗോത്ര കലാമണ്ഡലം സംഘം, ആർ.എൻ ആർട്സ് ഹബ്ബ്‌ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത്‌ വെച്ച് വിളംബര ഘോഷയാത്രയിൽ അണിചേർന്നു.

എം.എൽ.എമാരായ എ. പ്രഭാകരൻ, അഡ്വ.കെ. ശാന്തകുമാരി,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര,  ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പ്രദർശന വിപണന മേള 15 വരെ

 പൊതുജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കുന്ന മേളയില്‍ വിവിധ ഉത്പന്നങ്ങളുടെ പ്രദർശന വിപണയോടൊപ്പം 15 വരെ ആകര്‍ഷകമായ കലാസാംസ്കാരിക പരിപാടികളും അരങ്ങേറും. 'യുവതയുടെ സന്തോഷം' എന്ന ആശയം അടിസ്ഥാനമാക്കി സജ്ജമാക്കുന്ന മേളയില്‍ യുവാക്കളെ കേന്ദ്രീകരിച്ച് ജോബ് ഡ്രൈവ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സേവനങ്ങള്‍, നവസംരംഭകര്‍ക്കായി ലോണ്‍ അപേക്ഷ സ്വീകരിക്കല്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ തുടങ്ങിയവയുണ്ടാകും. പ്രവേശനം സൗജന്യമാണ്. ശീതീകരിച്ച 200 സ്റ്റാളുകളില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ സേവനങ്ങളും പ്രദര്‍ശനങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.

മനം നിറച്ച് നിറവ്

ആസ്വാദ്യകരമായി കേരളം-കേരളം ഗൃഹാതുര സംഗീത പരിപാടി

എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ നിറവില്‍ ആസ്വാദ്യകരമായി കേരളം-കേരളം ഗൃഹാതുര സംഗീത പരിപാടി. സ്വരലയ ഓര്‍ക്കസ്ട്ര അവതരിപ്പിച്ച പരിപാടിയില്‍ ഗായകരായ ജി. ശ്രീറാം, കെ.വി പ്രീത, രവി ശങ്കര്‍, സരിത രാജീവ്, വിഷ്ണുവര്‍ദ്ധന്‍, ബല്‍റാം, അഭിരാമി, സതീഷ് കൃഷ്ണ, ഡോ. നന്ദകുമാര്‍, സുനില്‍ ഹരിദാസ് എന്നിവരുടെ ഗാനങ്ങള്‍ കാണികളുടെ കാതുകള്‍ക്ക് ഇമ്പമായി.

കൂടിയാട്ടം കുലപതിയും സിനിമാതാരവുമായ പത്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക ഉപസമിതി ചെയർമാൻ ടി.ആർ അജയൻ അധ്യക്ഷനായി. സാംസ്കാരിക ഉപസമിതി കൺവീനർ ഡോ. എസ്.വി സിൽബർട്ട് ജോസ്, പി. മധു എന്നിവർ  സംസാരിച്ചു.

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നാളത്തെ പരിപാടികൾ

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നാളെ (ഏപ്രില്‍ 10) വൈകിട്ട് 3.30 മുതല്‍ 4.30 വരെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പാലക്കാടിന്റെ പ്രാദേശിക ടൂറിസം സാധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. 

കലാ-സാംസ്‌കാരിക പരിപാടികളിൽ നാളെ

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നാളെ (ഏപ്രില്‍ 10) വൈകിട്ട് അഞ്ചിന് 'ഒളപ്പമണ്ണയ്ക്ക് ശതാബ്ദി പ്രണാമം' പരിപാടി നടക്കും. സാഹിത്യ അക്കാദമി മുന്‍ ചെയര്‍മാന്‍ വൈശാഖന്‍, എന്‍. രാധാകൃഷ്ണന്‍ നായര്‍, പ്രൊഫ. പി.എ. വാസുദേവന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഡോ. രേവതി വയലാര്‍ നൃത്തസംവിധാനം നിര്‍വഹിച്ച് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നങ്ങേമകുട്ടി ദൃശ്യാവതരണം അരങ്ങേറും. ഡോ. രേവതി വയലാര്‍ ആണ് നൃത്തസംവിധാനം. വൈകിട്ട് ആറിന് സംസ്ഥാന അവാര്‍ഡ് ജേതാവ് മധുശ്രീ നാരായണന്റെ മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി 'മധുശ്രീ ലൈവ്' നടക്കും. ഓര്‍ക്കസ്ട്രയില്‍ ജിയോ ജോണ്‍സണ്‍ (കീബോര്‍ഡ്), ദുര്‍വിന്‍ ഡിസൂസ (ഗിറ്റാര്‍), ജോസി ജോണ്‍ (ബാസ്), അഖി (ഡ്രംസ്), സുനില്‍ (താളവാദ്യം) എന്നിവര്‍ പങ്കെടുക്കും. രാത്രി എട്ടിന് കലാമണ്ഡലം ഗണേശന്റെ തിരക്കഥയില്‍ പല്ലവി കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന 'കുന്തി' മോഹിനിയാട്ട നാടകം അരങ്ങേറും. പല്ലവി കൃഷ്ണന്റെ ആശയത്തിന് കലാമണ്ഡലം ഗണേഷനാണ് സ്‌ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്. പരേതനായ പാലക്കാട് സൂര്യനാരായണനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
 

date