Skip to main content

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നവരുടെ എണ്ണം ഉയര്‍ത്തിക്കൊണ്ടു വരും: മുഖ്യമന്ത്രി

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നവരുടെ എണ്ണത്തില്‍ സംസ്ഥാനത്തെ ഉയര്‍ത്തിക്കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകോത്തര നിലവാരത്തിലേക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ വളര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 250 കോടി രൂപ ചെലവില്‍ പുതുതായി ആരംഭിച്ച സംരംഭങ്ങളുടെ ഉദ്ഘാടനവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലവില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നവരുടെ അനുപാതത്തില്‍ (ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ- ജി.ഇ.ആര്‍) 43.2 എന്ന സ്‌കോറോടെ രാജ്യത്ത് മൂന്നാമതാണ് കേരളം. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് 10 ശതമാനം സ്‌കോര്‍ ഉയര്‍ത്താന്‍ സംസ്ഥാനത്തിനായി.  എന്റോള്‍മെന്റ് റേഷ്യോയില്‍ സംസ്ഥാനത്തെ പടിപടിയായി ഉയര്‍ത്തി 75 എന്ന സ്‌കോറിലെത്തിക്കും.  പുതുതായി മഹാത്മാ അയ്യങ്കാളി ചെയറും ഡോ. ബി.ആര്‍ അംബേദ്കര്‍ ചെയറും സ്ഥാപിക്കുന്നതിലൂടെ കാലിക്കറ്റ് സര്‍വ്വകലാശാല പകര്‍ന്നു നല്‍കുന്നത് പുതിയൊരു സാമൂഹ്യ സന്ദേശമാണ്. സാമൂഹ്യ നിതിയുടെ സന്ദേശത്തിനു പുറമെ സാര്‍വത്രികമായ വിജ്ഞാന ലഭ്യതയുടെ സന്ദേശം കൂടിയാണ് പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുന്നത്. പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലുമുള്ള  പാകപ്പിഴവുകളായിരുന്നു സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ശാപമായി കണ്ടിരുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാല ആരംഭിക്കുന്ന സെന്റര്‍ ഫോര്‍ എക്‌സാമിനേഷന്‍ ഓട്ടോമേഷന്‍ ആന്റ് മാനേജ്‌മെന്റ് സംവിധാനം വഴി ഇത് പരിഹരിക്കാനാവും. ചരിത്രത്തെ തിരുത്താനും കെട്ടുകഥകള്‍ കൊണ്ട് ചരിത്രപുസ്തകങ്ങള്‍ നിറക്കാനുമുള്ള ശ്രമങ്ങള്‍ നടന്നു വരുന്ന ഇക്കാലത്ത് എല്ലാ പ്രദേശങ്ങളുടെയും ചരിത്രത്തെക്കുറിച്ച് ശരിയായ ഗവേഷണങ്ങളും പഠനങ്ങളും ഉണ്ടാവേണ്ടത് അനിവാര്യമാണ്. അക്കാദമിക് സ്ഥാപനങ്ങളായി നിലകൊള്ളുമ്പോള്‍ തന്നെ വലിയൊരു സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാന്‍ പഠന കേന്ദ്രങ്ങള്‍ക്കാവണം. പൊതുവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ക്കാനുപാതികമായി ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റിത്തീര്‍ക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. ഇതിന് സര്‍വ്വകലാശാലകള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗവേഷണങ്ങളും അക്കാദമിക് നിലവാരവും മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തി വരികയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ കാലം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുകയും ഉന്നത വിദ്യാഭ്യാസ രംഗം തുറന്നു തരുന്ന സാധ്യതകള്‍ ശരിയായ തരത്തില്‍ പ്രയോജനപ്പെടുത്തുകയും ചെയ്താല്‍  മാത്രമേ ലോകോത്തര നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കൂ. സൃഷ്ടിക്കുന്ന അറിവുകള്‍ പൊതു സമൂഹത്തിലേക്ക് പകര്‍ന്നു നല്‍കുക, കാലാനുസൃതമായി അറിവുകളെ നവീകരിക്കുക, ആ അറിവുകളെ സാമൂഹ്യ പുരോഗതിക്ക് ഉപയോഗിക്കുക എന്നിവയ്‌ക്കെല്ലാം സാധിക്കുന്ന കേന്ദ്രങ്ങളായി സര്‍വ്വകലാശാലകള്‍ മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പരീക്ഷാ ഭവന്‍ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന സീം (സെന്റര്‍ ഫോര്‍ എക്സാമിനേഷന്‍ ഓട്ടോമേഷന്‍ ആന്റ് മാനേജ്മെന്റ്) മഹത്മാ അയ്യങ്കാളി ചെയര്‍, ഡോ. ബി.ആര്‍. അംബേദ്കര്‍ ചെയര്‍, സെന്റര്‍ ഫോര്‍ മലബാര്‍ സ്റ്റഡീസ് എന്നിവയുടെ ഉദ്ഘാടനവും പുതിയ അക്കാദമിക് ബില്‍ഡിങ്, സുവര്‍ണ ജൂബിലി പരീക്ഷാ ഭവന്‍ ബില്‍ഡങ്, സിഫ് ബില്‍ഡിംഗ് എന്നിവയുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഗോള്‍ഡന്‍ ജൂബിലി അക്കാദമിക് ഇവാല്യുവേഷന്‍ ബില്‍ഡിങ്, മെന്‍സ് ഹോസ്റ്റല്‍ അനക്സ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസും കായികവിഭാഗം ഓഫീസ് കെട്ടിടം, കായിക ഹോസ്റ്റല്‍ എന്നിവയുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാനും നിര്‍വഹിച്ചു. പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. എം നാസര്‍ വിഷന്‍ സ്റ്റേറ്റ്‌മെന്റ് അവതരിപ്പിച്ചു.
ചടങ്ങില്‍ എം.പി. അബ്ദുസമദ് സമദാനി എം.പി., എം.എല്‍.എ.മാരായ പി. അബ്ദുള്‍ ഹമീദ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. എം.എം നാരായണന്‍, കെ.കെ ഹനീഫ, ഡോ. കെ.ഡി ബാഹുലേയന്‍, എന്‍.വി അബ്ദുറഹിമാന്‍, പ്രൊഫ. ഡോ. എം മനോഹരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. എം.കെ ജയരാജ് സ്വാഗതവും രജിസ്ട്രാര്‍ പ്രൊഫ. ഡോ. ഇ.കെ സതീഷ് നന്ദിയും പറഞ്ഞു.  

date