Skip to main content

ഉദ്യോഗസ്ഥര്‍ ജനങ്ങളോട് സൗഹാര്‍ദപരമായി പെരുമാറണം- മന്ത്രി എ.കെ ശശീന്ദ്രന്‍

 

 

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് സൗഹാർദപരമായി പെരുമാറണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. വനം വകുപ്പിന്റെ നേതൃത്വത്തിൽ കരുളായിയില്‍ സംഘടിപ്പിച്ച വനസൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍ണമായാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. സര്‍ക്കാര്‍ എന്നും കര്‍ഷകര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്.  വനസൗഹൃദ സദസ്സില്‍ ലഭിച്ച പരാതികള്‍ പരിശോധിച്ച് ഉടന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

 

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും, ചര്‍ച്ചയിലൂടെ പരിഹാരം കണ്ടത്തുന്നതിനുമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച കര്‍മ്മപരിപാടിയാണ് 'വനസൗഹൃദ സദസ്സ് '.

 

കായിക മന്ത്രി വി അബ്ദുറഹിമാന്‍ മുഖ്യാതിഥിയായി. സര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കൊപ്പമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍  സര്‍ക്കാര്‍ പ്രതജ്ഞാബദ്ധമാണ്. തീരദേശമേഖലയിലുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വനസൗഹൃദ സദസ്സ് മാതൃകയില്‍ പരിപാടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

പിവി അന്‍വര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എ.പി അനില്‍കുമാര്‍ എംഎല്‍എ, നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ പ്രദീപ്കുമാര്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരാ കെ വിജയാനന്ദന്‍, മുഹമ്മദ് ശബാബ്, സൗത്ത് ഡിവിഷന്‍ ഡി.എഫ്.ഒ പി പ്രവീണ്‍, എ.ഡി.എം എന്‍എം മെഹറലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ.എൻ  മോഹൻദാസ്, ജോണി പുല്ലന്താണി, കെ പി രാമനാഥൻ എന്നിവര്‍ സംസാരിച്ചു.

 

ജില്ലയില്‍ വനാതിര്‍ത്തി പങ്കിടുന്ന തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തി. വന്യജീവി ശല്യം, നിരാക്ഷേപ പത്രം ലഭ്യാമാകാത്തത്, റോഡ് വികസനത്തിന് സ്ഥലം വിട്ട് കിട്ടാത്തത് തുടങ്ങിയ പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രശ്‌നങ്ങളില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

 

 

 

date