Skip to main content

വന്യജീവി ആക്രമണം; ജില്ലയിൽ  172.68 ലക്ഷം രൂപ നഷ്ടപരിഹാര വിതരണം;

 

വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാരമായി ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മലപ്പുറം ജില്ലയിൽ ആകെ 172.68 ലക്ഷം രൂപ വിതരണം ചെയ്തതായി  വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. മുൻ സർക്കാറിന്റെ  കാലത്തെ കുടിശികയായ 56.83 ലക്ഷവും ഈ സർക്കാരിന്റെ കാലത്തെ അപേക്ഷകളിൽ 118.86 ലക്ഷവുമാണ് വിതരണം ചെയ്തത്. ഇന്നലെ കരുളായിയിൽ നടന്ന വന സൗഹൃദ സദസ്സിൽ 26.75 ലക്ഷം രൂപയുടെ നഷ്ടപരിഹാരം മന്ത്രി വിതരണം ചെയ്തു. വന്യജീവി ആക്രമണ മൂലമുള്ള മരണം, പരുക്ക്, കൃഷിനാശം എന്നിവക്കുള്ള നഷ്ടപരിഹാരമാണിത്. 

 

ദിവസ വേതന കുടിശ്ശിക 169 ലക്ഷം രൂപ  ഈ സർക്കാറിന്റെ കാലയളവിൽ ജില്ലയിൽ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട രണ്ട് ഹോട്ട്സ്പോട്ടുകളിൽ കൂടി  സ്പെഷ്യൽ ടീമുകൾ രൂപീകരിച്ചു. എടരിക്കോട്, അകമ്പാടം എന്നിവിടങ്ങളിലാണ് ടീം രൂപീകരിച്ചത്. അരുവാക്കോടും അമരമ്പലത്തുമുള്ള ആർ.ആർ.ടികൾക്ക് പുറമെയാണിത്. 

 

ജില്ലയിൽ പട്ടികവർഗ്ഗക്കാരായ ഒമ്പത് പേർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനം നൽകി. ഈ സാമ്പത്തിക വർഷം നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷനിൽ 49 കിലോമീറ്റർ വൈദ്യുതി വേലി നിർമ്മാണത്തിന് 359 ലക്ഷം രൂപയും സൗത്ത് ഡിവിഷനിൽ 27.75 കിലോമീറ്റർ ഹാങ്ങിങ് സൗരോർജ വേലിക്ക് 225 ലക്ഷം രൂപയും വകയിരുത്തിയിട്ടുള്ളതായി മന്ത്രി പറഞ്ഞു. നബാർഡ് പദ്ധതിയിൽ കാളിക്കാവ് റേഞ്ചിൽ പാട്ടക്കരിമ്പ് - അച്ചനള റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് 395 ലക്ഷം രൂപയും ഈ വർഷം ചെലവഴിക്കും.

 

റീബിൽഡ് കേരള സ്വയം സന്നദ്ധ പുനരുദ്ധാരണ പദ്ധതി - നവകിരണം പ്രകാരം നിലമ്പൂർ നോർത്തിൽ ആദിവാസികളല്ലാത്ത 10 കുടുംബങ്ങളെയും സൗത്തിൽ 44 കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കാൻ നടപടികളായി വരുന്നതായും മന്ത്രി പറഞ്ഞു. 

 

വനാതിർത്തിയോട് ചേർന്ന സ്വകാര്യ സ്ഥലങ്ങൾക്കുള്ള നിരാക്ഷേപ പത്രങ്ങൾ 7 എണ്ണവും മരാധിഷ്ഠിത വ്യവസായ യൂണിറ്റുകൾക്കുള്ള ലൈസൻസ് 6 എണ്ണവും ചടങ്ങിൽ വിതരണം ചെയ്തു. സ്കൂളുകൾക്കുള്ള ധനസഹായമായി 2 ലക്ഷവും വിതരണം ചെയ്തു. വന സൗഹൃദ സദസ്സിൽ 75 പരാതികൾ മന്ത്രി നേരിട്ട് സ്വീകരിച്ചു. പരാതികളിൽ 15 ദിവസത്തിനകം തീർപ്പുണ്ടാക്കി റിപ്പോർട്ട് ചെയ്യാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

date