Skip to main content

സംസ്ഥാനത്തെ ആരോഗ്യ  മേഖലയെ മികവുറ്റതാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

 

ചൂർണ്ണിക്കര  കുടുബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്തു 

ആരോഗ്യ രംഗത്ത്  ഒട്ടേറെ പദ്ധതികൾ  നടപ്പാക്കി സംസ്ഥാനത്തെ ആരോഗ്യ  മേഖലയെ മികവുറ്റതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്ന ചടങ്ങ് ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കോവിഡ് കാലത്തെ കേരളത്തിന്റെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ലോക ശ്രദ്ധ ആകർഷിച്ചിരുന്നുവെന്നും ജനങ്ങൾക്ക് പ്രയോജനമാകുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ചൂർണ്ണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ  സംഘടിപ്പിച്ച ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ. നാട മുറിച്ചു.
 
സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 34 ലക്ഷം രൂപ വിനിയോഗിച്ചാണ് ചൂർണ്ണിക്കര  പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. സർക്കാർ ആശുപത്രികളുടെ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, പൊതുജനങ്ങൾക്ക് പരമാവധി സൗജന്യ ചികിത്സ ഉറപ്പുവരുത്തുക തുടങ്ങിയ   ലക്ഷ്യത്തോടെയാണ് ആർദ്രം മിഷന്റെ പ്രവർത്തനം. കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതോടെ ആശുപത്രി കൂടുതൽ രോഗീ സൗഹ്യദമാകുന്നു. നിലവിൽ ഉച്ചക്ക് രണ്ട് വരെ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിൽ വൈകിട്ട് ആറു വരെ ഡോക്ടറുടെ സേവനം ലഭ്യമാകും. കൂടുതലായി ഒരു ഡോക്ടറെയും ഫാർമസിസ്റ്റിനെയും നിയമിക്കും. പ്രീ ചെക്കപ്പിനുള്ള സൗകര്യം, മെച്ചപ്പെട്ട ലാബ് , മാനസീക രോഗങ്ങൾക്കും ശ്വാസകോശ രോഗങ്ങൾക്കും ആഴ്ചയിൽ ഒരിക്കൽ സ്പെഷ്യാലിറ്റി ക്ലീനിക്കുകൾ മുതലായ സൗകര്യം ലഭ്യമാകും.

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ചൂർണ്ണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം, ജില്ലാ പഞ്ചായത്ത് മെമ്പർ റൈജ അമീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ്. ശ്രീദേവി, ഹെൽത്ത് ഇൻസ്പെക്ടർ അനില ജോർജ് , ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി.ജെ. ജലാൽ, സി.പി.ദിലീഷ് കുമാർ, മെഡിക്കൽ ഓഫീസർ ഡോ.എം.ഹന്നത്ത്, വിവിധ പഞ്ചായത്ത്‌ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date