Skip to main content

ലൈഫ് ഭവനപദ്ധതിയിൽ ഇത് വരെ മൂന്ന് ലക്ഷത്തിലധികം വീടുകൾ നിർമിച്ചു നൽകി-  മന്ത്രി മുഹമ്മദ്‌ റിയാസ്

 

ലൈഫ് ഭവനപദ്ധതിയിൽ സർക്കാർ ഇത് വരെ മൂന്ന് ലക്ഷത്തിലധികം വീടുകൾ നിർമിച്ചു നൽകിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഭൂരഹിത -ഭവനരഹിതർക്കുള്ള പാർപ്പിട പദ്ധതിയുടെ ആലോചന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 
മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നത്. പലർക്കും പല സാഹചര്യങ്ങളാൽ ചിലപ്പോൾ അത് സാധിച്ചു എന്ന് വരില്ല. ഈ സ്വപ്നം പൂർത്തീകരിക്കാൻ മുന്നോട്ടുവന്ന കോർപ്പറേഷന്റെ പ്രവൃത്തി അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. 

മേയർ ഡോ.എം.ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ മലബാർ പാലസിൽ ചേർന്ന യോഗത്തിൽ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായി. കോഴിക്കോട് നഗരത്തിലെ സ്വന്തമായി സ്ഥലവും വീടുമില്ലാത്ത നിർദ്ധനർക്ക് ബഹുജനപങ്കാളിത്തത്തോടെ പാർപ്പിടമൊരുക്കുന്ന പദ്ധതിക്കാണ്  കോർപ്പറേഷൻ തുടക്കം കുറിക്കുന്നത്.

ബേപ്പൂരിലുള്ള കോഴിക്കോട് കോർപ്പറേഷന്റെ സ്ഥലത്ത് ഭുരഹിത ഭവന രഹിതർക്കായി നിർമ്മിക്കാനുദ്ദേശിക്കുന്ന ഭവനസമുച്ചയത്തിനായി ഐ.ഐ.എ തയ്യാറാക്കിയ രൂപരേഖ സംബന്ധിച്ച് അവതരണം നടത്തി. ചർച്ചയിൽ പങ്കെടുത്ത് കോഴിക്കോട് നോർത്ത് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ, വികെസി മമ്മദ് കോയ, എം.വി.ശ്രേയാംസ് കുമാർ, എ.പ്രദീപ് കുമാർ, കെ.സിശോഭിത, കെ.മൊയ്തീൻകോയ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് സ്വാഗതവും സെക്രട്ടറി കെ.യു ബിനി നന്ദിയും പറഞ്ഞു.

date