Skip to main content

വന്യജീവി ആക്രമണം: പ്രതിരോധ മാർഗങ്ങൾക്ക് അടിയന്തര അനുമതിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

കാടിനെ കാത്ത്, നാടിനെ കേട്ട് വന സൗഹൃദ സദസ്സ്

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് പ്രതിരോധ മാർഗങ്ങൾ ശക്തിപ്പെടുത്തുമെന്നും ഇതിനായുള്ള നടപടികൾക്ക് അടിയന്തരമായി അനുമതി നൽകുമെന്നും വനം വന്യജീവി വകുപ്പ്  മന്ത്രി  എ.കെ ശശീന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വനാതിർത്തി പ്രദേശങ്ങളിലെ വനസൗഹൃദ ജീവിതത്തിനായി അതിരപ്പിള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ടൂറിസം സാധ്യതകൾക്ക് മേന്മ കൂട്ടുന്ന സമഗ്ര ടൂറിസം പദ്ധതി വിഷുസമ്മാനമായി ചാലക്കുടിയ്ക്ക് മന്ത്രി നൽകി. വനാതിർത്തി മേഖലയിൽ ആശങ്ക പരക്കുന്ന സാഹചര്യത്തിൽ ബഫർ സോണിൽ ജീവിക്കുന്ന ജനങ്ങളെ സംരക്ഷിക്കും. വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാരത്തുക അനുവദിക്കാൻ ഇതുവരെ ലഭിച്ച അപേക്ഷകളിൽ തുക നൽകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കാട്ടാനകളുടെ  എണ്ണം വർധിക്കുകയാണെന്നും കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളോടൊപ്പം കേരളവും ഉടനടി കാട്ടാന സെൻസസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. വന സംരക്ഷണ സമിതികൾ ശക്തപ്പെടുത്തണം. ജനപങ്കാളിത്തം ഉറപ്പുവരുത്തി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കണം. നാടിനേയും കാടിനേയും ഒരുപോലെ മനസ്സിലാക്കി ഉദ്യോഗസ്ഥർ പ്രവർത്തിക്കണമെന്നും 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമന ഉത്തരവ് നൽകിയത് മേഖലയിലെ പ്രവർത്തനത്തിന് ഏറെ മുതൽക്കൂട്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വനവും വന്യജീവികളെയും കൃഷിയും ജനങ്ങളെയും സംരക്ഷിക്കണമെന്നും രണ്ടും നാടിന് ആവശ്യമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി കെ രാധകൃഷ്ണൻ പറഞ്ഞു. വനമേഖലയോട് ചേർന്ന് കിടക്കുന്ന ഇടങ്ങളിലും  ഊരുകളിലും വിവിധ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. നാടിന്റെ മാറ്റത്തിന് വന സൗഹൃദ സദസ്സ് കാരണമാകണം. പ്രദേശത്ത് നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താനാണ് വന സൗഹൃദ സദസ്സ് സംഘടിപ്പിക്കുന്നതെന്നും ചാലക്കുടി,  പുതുക്കാട് മണ്ഡലങ്ങളിൽ വനാതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ  വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കും ആക്രമണത്തിൽ പരിക്ക് പറ്റിയവർക്കുള്ള ധനസഹായം വിതരണം ചെയ്തു. വാഴച്ചാൽ മത്സ്യബന്ധന മേഖലയിലെ മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിനായി വാഴച്ചാൽ വനം ഡിവിഷൻ നൽകുന്ന മത്സ്യബന്ധന വലകളുടെ വിതരണവും മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. കൃഷിനാശം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരവും സ്ഥലത്തിനുള്ള എൻഒസി വിതരണവും മന്ത്രി നിർവഹിച്ചു.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വനാതിർത്തി പ്രദേശങ്ങളിലെ വനസൗഹൃദ ജീവിതത്തിനായി സർക്കാർ ഒരുക്കുന്ന നൂതന കർമ്മപരിപാടിയാണ് വന സൗഹൃദ സദസ്സ്. ചാലക്കുടി , പുതുക്കാട് നിയോജക മണ്ഡലങ്ങളുടെ പരിധിയിലെ അതിരപ്പിള്ളി, കോടശ്ശേരി, പരിയാരം, കൊടകര , മറ്റത്തൂർ, വരന്തരപ്പിള്ളി, തൃക്കൂർ എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് അതിരപ്പിള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വന സൗഹൃദ സദസ്സ് സംഘടിപ്പിച്ചത്. വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങളിൽ നിന്ന് ലഭിച്ച പരാതികൾ പരിഹരിക്കൽ, മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ വിദഗ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കൽ, വകുപ്പ് കൈക്കൊണ്ടതും സ്വീകരിച്ചു വരുന്നതുമായ പദ്ധതികൾ സംബന്ധിച്ച് വിശദീകരണം നൽകൽ എന്നീ ലക്ഷ്യത്തോടെയാണ് വനം വന്യജീവി വകുപ്പ് വനസൗഹൃദ സദസ്സ് സംഘടിപ്പിക്കുന്നത്.
 
ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷനായി. ബെന്നി ബെഹനാൻ എംപി, കെ കെ രാമചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമടത്തിൽ, വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ്, ഫോറസ്റ്റ്സ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രമോദ് ജി കൃഷ്ണൻ, തൃശ്ശൂർ സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് കെ ആർ അനൂപ്, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആർ ലക്ഷ്മി, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date