Skip to main content

വന സൗഹൃദചർച്ച; ഉദ്യോഗസ്ഥതല പരാതികളിൽ 15 ദിവസത്തിനകം പരിഹാരം

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്  സംഘടിപ്പിച്ച വന സൗഹൃദ സദസ്സിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ വന സൗഹൃദചർച്ച നടന്നു. പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി കെ രാധകൃഷ്ണനും പങ്കെടുത്ത പരിപാടിയിൽ വന്യജീവി ആക്രമണം, പട്ടയം ലഭ്യമാക്കൽ, വന്യജീവി പ്രതിരോധ മാർഗങ്ങൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു.

ഉദ്യോഗസ്ഥർ, വകുപ്പ്, സർക്കാർ എന്നീ തലങ്ങളിൽ തീർപ്പാക്കാൻ പറ്റുന്ന പരാതികളാണ് വന്നതെന്ന് തൃശ്ശൂർ സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് കെ ആർ അനൂപ് പറഞ്ഞു. നഷ്ടപരിഹാരം നൽകൽ, ശമ്പളം ലഭ്യമാക്കൽ, റോഡ് നിർമ്മാണത്തിനുള്ള അനുവാദം, മരങ്ങൾ മുറിച്ചു മാറ്റലും ചില്ലകൾ വെട്ടിയൊതുക്കലും തുടങ്ങിയ ഉദ്യോഗസ്ഥ തലത്തിൽ തീർപ്പാക്കേണ്ട വിഷയങ്ങളിലെ പരാതികൾ 15 ദിവസത്തിനകം തീർപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള പരാതികൾ രണ്ട് മാസത്തിനകം തീർപ്പാക്കും. വന്യജീവി സംഘർഷത്തിന് പരിഹാരമേകുന്ന പദ്ധതി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. പദ്ധതി വന്നാൽ  മേഖലയിലെ മനുഷ്യ - വന്യജീവി സംഘർഷത്തിന് പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

വന സൗഹൃദ ചർച്ചയിൽ ബെന്നി ബെഹനാൻ എംപി, എംഎൽഎമാരായ സനീഷ് കുമാർ ജോസഫ്, കെ കെ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജെനീഷ് പി ജോസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, അതിരപ്പിള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാന്റി ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ആതിര ദേവരാജൻ, അജിത സുധാകരൻ, സൈമൺ നമ്പാടൻ, കോടശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീമ ബെന്നി, മറ്റു ജനപ്രതിനിധികൾ, വിജിലൻസ് ആന്റ് ഫോറസ്റ്റ്  ഇന്റലിജൻസ്, ഫോറസ്റ്റ്സ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രമോദ് ജി കൃഷ്ണൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date