Skip to main content

പന്നി ഉത്പാദന ഗവേഷണ കേന്ദ്രത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവ്വകലാശാലയുടെ മണ്ണുത്തി ക്യാമ്പസിൽ പന്നി ഉത്പാദന ഗവേഷണ കേന്ദ്രത്തിന്റെ മലിനജല സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനം മൃഗ സംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

നിയന്ത്രിത കാലാവസ്ഥാ ഗവേഷണ സമുച്ചയത്തിന്റെ ഉദ്‌ഘാടനവും മീറ്റ് ടെക്നോളജി യൂണിറ്റിന്റെ മാംസോത്പന്നങ്ങൾക്കുള്ള ഐഎസ്ഒ ഗുണനിലവാര സർട്ടിഫിക്കറ്റ് നേടിയതിന്റെ
പ്രഖ്യാപനവും സർവ്വകലാശാലയുടെ വിവിധ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

പുതിയ ഡയറി കോളജ് സ്ഥാപിക്കുന്നതിന് 16 ഏക്കർ സ്ഥലം തിരുവനന്തപുരം ജില്ലയിൽ ലഭ്യമായതായും ഉടൻ തന്നെ അത് പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

മണ്ണുത്തി വെറ്റിനറി സർവ്വകലാശാല ഇന്ദ്രനീലം സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ വാഴൂർ സോമൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർ രേഷ്മ ഹെമേജ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ പ്രസിഡന്റ് ഡോ. വി എം ഹാരിസ്, ഡയറക്ടർ ഓഫ് എന്റർപ്രണർഷിപ്പ് ഡോ. ടി എസ് രാജീവ്, ഡയറി സയൻസസ് ഫാക്കൽറ്റി ഡീൻ ഡോ. എസ് എൻ രാജകുമാർ, പൂക്കോട് വെറ്ററിനറി കോളേജ് ഡീൻ ഡോ എം കെ നാരായണൻ, കേരള വെറ്റിനറി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എം ആർ ശശീന്ദ്രനാഥ്, അക്കാദമിക്സ് ആന്റ് റിസർച്ച് ഡയറക്ടർ ഡോ സി ലത, വെറ്റിനറി സർവ്വകലാശാല രജിസ്ട്രാർ ഡോ. പി സുധീർ ബാബു, വെറ്റിനറി സർവ്വകലാശാല അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

വെറ്ററിനറി സർവ്വകലാശാലയുടെ മണ്ണുത്തി കാമ്പസിലെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിനു കീഴിൽ 2019-20 വർഷത്തെ ആർ കെ കെ വി എഫ് വൈ റഫ്ത്താർ പദ്ധതിയിൽ ഉൾപെടുത്തി 170 ലക്ഷം രൂപ ചെലവഴിച്ചാണ് ലോകോത്തര നിലവാരത്തിലുള്ള നിയന്ത്രിത കാലാവസ്ഥാ ഗവേഷണ സമുച്ചയം നിർമ്മിച്ചത്.

 ദിനംപ്രതി 80000 ലിറ്റർ വരെ മലിനജല സംസ്കരണവും പുനരുപയോഗവും സാധ്യമാകുന്നതാണ് മാലിന്യ  സംസ്കരണ പ്ലാന്റ്. തൃശ്ശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പരിസ്ഥിതി എഞ്ചിനീയറിംഗ് വിദഗ്ദ്ധരുടെ സാങ്കേതിക ഉപദേശപ്രകാരമാണ് 50 ലക്ഷം രൂപ മുതൽ മുടക്കിൽ തൃശൂർ നിർമ്മിതി കേന്ദ്രം, സുസ്ഥിര ജലവിനിയോഗത്തിന്റെ ഈ മാതൃക പൂർത്തീകരിച്ചത്.

മാംസോത്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനുതകുന്ന ഭക്ഷ്യസുരക്ഷാ മാനജ്മെന്റ് വ്യവസ്ഥ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തതിനാണ് സർവ്വകലാശാലയുടെ മാംസസംസ്കരണവിഭാഗത്തിന് (മീറ്റ് ടെക്നോളജി യൂണിറ്റ് ഐ എസ് ഒ 22000: 2018 അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്.

അക്കാദമിക് കൈപ്പുസ്തകം, കർഷകർക്കുള്ള മൃഗസംരക്ഷണം മാറുന്ന കാലാവസ്ഥയിൽ, പുതുക്കിയ സർവ്വകലാശാലാ ഗവേഷണ നയം, ജന്തുജന്യ രോഗങ്ങളുടെ ചികിത്സയും പ്രതിരോധവും മാർഗങ്ങളും എന്നീ സർവ്വകലാശാലാ പ്രസിദ്ധീകരണങ്ങളാണ് മന്ത്രി പ്രകാശനം ചെയ്തത്.

date