Skip to main content

പോട്ട ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ പ്രവർത്തനമാരംഭിച്ചു

ദേശീയ ആരോഗ്യ മിഷൻ ചാലക്കുടി നഗരസഭയിൽ അനുവദിച്ച മൂന്ന് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിലെ പോട്ട സെന്ററിന്റെ ഉദ്ഘാടനം ബെന്നി ബെഹനാൻ എംപി നിർവ്വഹിച്ചു. രോഗികൾക്ക് ആരോഗ്യ പരിപാലനത്തിനുള്ള ബോധവത്കരണവും സേവനങ്ങളും ഉറപ്പാക്കണമെന്ന് ബെന്നി ബെഹനാൻ എംപി പറഞ്ഞു. സംസ്ഥാന തലത്തിൽ ഉദ്ഘാടനം നിർവഹിക്കുന്നതിന് മുമ്പ് ഉയർന്ന സജ്ജീകരണങ്ങൾ ഒരുക്കി പ്രവർത്തന സജ്ജമാക്കി ഉദ്ഘാടനം നിർവഹിച്ച നഗരസഭ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ചാലക്കുടി നഗരസഭയിലെ പോട്ട, നോർത്ത് ചാലക്കുടി, പടിഞ്ഞാറെ ചാലക്കുടി എന്നീ മൂന്ന് സ്ഥലങ്ങളിലാണ് ജില്ലയിൽ ആദ്യ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ അനുവദിച്ചത്. നോർത്ത് ചാലക്കുടിയിലെ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പടിഞ്ഞാറെ ചാലക്കുടി സെന്ററിന്റെ ഉദ്ഘാടനം ഏപ്രിൽ 22 ന് നടക്കും.

സെന്ററുകളുടെ പ്രവർത്തനത്തിനായി  നഗരസഭ കെട്ടിടങ്ങൾ വാടകക്ക് എടുത്ത് സജ്ജീകരണങ്ങൾ ഒരുക്കി ഓരോ സെന്ററുകളിലേക്കും ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് പ്രവർത്തന സജ്ജമാക്കി. ആരംഭത്തിനും തുടർപ്രവർത്തനങ്ങൾക്കുമായി 15-ാം ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന്റ് വിഹിതമായി അനുവദിച്ച 1.33 കോടി രൂപ ചെലവിലാണ് സെന്ററുകൾ ഒരുക്കിയിട്ടുള്ളത്. സെന്ററുകളുടെ തുടർ പ്രവർത്തനങ്ങൾക്കായ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കും.

ചെയർമാൻ എബി ജോർജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സനീഷ് കുമാർ എംഎൽഎ  മുഖ്യതിഥിയായി. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ആലിസ് ഷിബു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാൻ ജോർജ്ജ് തോമസ്, വാർഡ് കൗൺസിലർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് കൗൺസിലർ വൽസൻ ചമ്പക്കര സ്വാഗതവും അർബൻ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വിബിൻ ചുങ്കത്ത് നന്ദിയും പറഞ്ഞു.

date