Skip to main content

മാലിന്യമുക്തകേരളം: തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കു പരിശീലനം

 കോട്ടയം: മാലിന്യമുക്തകേരളവുമായി ബന്ധപ്പെട്ട് ഏപ്രിൽ 24, 26 തിയതികളിലായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കും ഉദ്യോഗസ്ഥർക്കുമായി പരിശീലന പരിപാടികൾ സംഘടിപ്പിക്കും. തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ക്യാമ്പയിനിൽ സജീവമായ ജനപങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന മാലിന്യമുക്തകേരളം ജില്ലാതല ക്യാമ്പയിൻ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. മാതൃകാപരമായ രീതിയിൽ മാലിന്യ നിർമാർജന പരിപാടികൾ നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ഹരിത അംബാസിഡർമാരായി നിയോഗിച്ച് മാലിന്യമുക്തകേരളം ജില്ലാതല ക്യാമ്പയിന് വിപുലമായ പ്രചാരണം നൽകാനും തീരുമാനമായി.
 മാലിന്യമുക്ത സംസ്ഥാനമെന്ന ലക്ഷ്യം മുൻനിർത്തി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് വിപുലമായ ക്യാമ്പയിൻ നടക്കുന്നത്. മാലിന്യം ഉറവിടത്തിൽ തരംതിരിക്കുക, ജൈവ മാലിന്യം പരമാവധി ഉറവിടത്തിലും പൊതുസംവിധാനങ്ങളിലുമായി സംസ്‌കരിക്കുക, അജൈവ മാലിന്യം തരംതിരിച്ച് പുന:ചംക്രമണത്തിനും ശാസ്ത്രീയ സംസ്‌കരണത്തിനും അംഗീകൃത ഏജൻസിക്ക് കൈമാറുക, പ്രത്യേക മാലിന്യങ്ങൾക്ക് ശാസ്ത്രീയ സംസ്‌കരണ സംവിധാനം സജ്ജീകരിക്കുക, മാലിന്യത്തിന്റെ അളവ് കുറയ്ക്കുക, പൊതുനിരത്തിലേക്ക് മാലിന്യം എത്തുന്നതും വലിച്ചെറിയുന്നതും പൂർണമായി ഇല്ലായ്മ ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് കൈവരിക്കാനാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
 ക്യാമ്പയിൻ സംഘാടനത്തിനും വിവിധ പ്രവർത്തനങ്ങൾക്കുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്, ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ, കില, ക്ലീൻ കേരളാ കമ്പനി, കുടുംബശ്രീ മീഷൻ, കേരള ഖര മാലിന്യനിർമാർജന പദ്ധതി, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവിടങ്ങളിൽനിന്ന് ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തി സംസ്ഥാന-ജില്ലാ-തദ്ദേശ ഭരണ സ്ഥാപനതലത്തിലും ക്യാമ്പയിൻ സെക്രട്ടറിയേറ്റുകൾ രൂപീകരിച്ചാണു ക്യാമ്പയിനുമായി മുന്നോട്ടുപോകുന്നത്. മലിനീകരണ നിയന്ത്രണ ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ ബി. ബിജു, കുടുംബശ്രീ ജില്ലാ കോഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, കുടുംബശ്രീ ജില്ലാ പ്രോജക്ട് മാനേജർ പ്രശാന്ത് ശിവൻ, ഹരിതകേരളം ജില്ലാ കോഡിനേറ്റർ ജെ. അജിത്കുമാർ, കില ഫെസിലിറ്റേറർ ബിന്ദു അജി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date