Skip to main content

ആയുഷ് മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഏകീകൃത രൂപംകൊണ്ടുവരും : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

ആയുഷ് മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഏകീകൃത രൂപം കൊണ്ട് വരുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹൈബി ഈഡൻ എം പി, എം എൽ എ ആയിരുന്ന കാലയളവിൽ എറണാകുളം ജില്ലാ സർക്കാർ ഹോമിയോ ആശുപത്രിയിൽ അനുവദിച്ച തുക കൊണ്ട് നിർമ്മിച്ച ഐ പി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആശുപത്രികളുടെ വികസനവുമായി ബന്ധപ്പെട്ട് ഒരു ഏകീകൃത സ്വഭാവം കൊണ്ട് വരും. അതിന് വേണ്ടി കേന്ദ്ര ചികിത്സാ വകുപ്പിന്റെ കൂടി സഹകരണത്തോടെ പുതിയ പ്രൊപ്പോസൽ തയ്യാറാക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിൽ സർക്കാർ മേഖലയിൽ ഒരു ഗ്യാസ്ട്രോ സർജൻ, ന്യൂറോ സർജൻ എന്നിവരുടെ സേവനം ലഭ്യമല്ലെന്ന് ഹൈബി ഈഡൻ എം പി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ജനറൽ ആശുപത്രിയിൽ ന്യൂറോ സർജനെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ജനറൽ ആശുപത്രിയിൽ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ധനമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർ യോഗം ഉടൻ ചേരുമെന്നും മന്ത്രി പറഞ്ഞു.

കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മാർട്ടം സംബന്ധിച്ചുണ്ടാകുന്ന കാലതാമസങ്ങളും പരാതികളും പരിഹരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മറുപടി നൽകി. വ്യക്തിയുടെ ആരോഗ്യ സുരക്ഷ ഏർപ്പെടുത്തുന്നതിന് ആയുഷ് മേഖലയ്ക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. വളരെ ശോചനീയ അവസ്ഥയിൽ ജില്ലാ ഹോമിയോ ആശുപത്രിയെ മികച്ച മാതൃക ആക്കി മാറ്റിയതിന് ഹൈബി ഈഡൻ എം പിയെ മന്ത്രി അഭിനന്ദിച്ചു.

ഹൈബി ഈഡൻ എം പി, എം എൽ എ ആയിരുന്ന 2017-18 കാലയളവിലാണ് ഐ പി കെട്ടിട നിർമ്മാണത്തിന് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.52 കോടി രൂപ അനുവദിക്കുന്നത്. അതിന് മുൻപ് എം എൽ എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും അദ്ദേഹം ഒ പി ബ്ലോക്കിനായി അനുവദിച്ചിരുന്നു. വളരെ ശോചനീയ അവസ്ഥയിൽ ഇടിഞ്ഞു വീഴാരായിരുന്ന ജില്ലാ ഹോമിയോ ആശുപത്രി ഇതോടെ മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയായി മാറിയിരിക്കുകയാണ്.25 കിടക്കകളുള്ള പുതിയ ഐ പി ബ്ലോക്കിൽ ക്ലിനിക്കൽ ലബോറട്ടറി, പെയ്ൻ & പാലിയേറ്റീവ് യൂണിറ്റ്, എമർജൻസി റൂം, അടുക്കള, ജനറൽ വാർഡ്, പേ വാർഡ് , ഓഫീസ് , യോഗ കേന്ദ്രം എന്നിവയാണ് പുതിയ ഐ പി ബ്ലോക്കിൽ ഉള്ളത്. ഐ പി ബ്ലോക്കിലേക്ക് ആവശ്യമായ സാധന സാമഗ്രികൾ വാങ്ങുന്നതിന് എറണാകുളം ജില്ലാ പഞ്ചായത്ത് തുക അനുവദിച്ചിരുന്നു.

നിലവിൽ ജില്ലാ ഹോമിയോ ആശുപത്രിയിൽ വന്ധ്യതാ നിവാരണ ക്ലിനിക്കായ ജനനി, ജീവിത ശൈലി രോഗങ്ങൾക്കുള്ള ആയുഷ്മാൻ ഭവ, കുട്ടികളുടെ ബൗദ്ധിക മാനസീക വികസനം ലക്ഷ്യമാക്കിയ സദ്ഗമയ, കിടപ്പു രോഗികൾക്ക് സാന്ത്വനവും പരിചരണവും നൽകുന്ന ചേതന, നാഷണൽ ആയുഷ് മിഷന്റെ പദ്ധതിയായ ആസ്തമ അല്ലർജി ക്ലിനിക്കും പ്രവർത്തിക്കുന്നുണ്ട്.

ഹൈബി ഈഡൻ എം പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി. ജെ. വിനോദ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് സനിത റഹീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം ജെ ജോമി, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആശ സനൽ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ശാരദ മോഹൻ, മനോജ്‌ മൂത്തേടൻ, ഷൈമി വർഗീസ്, എൽസി ജോർജ്, കൗൺസിലർ ബിന്ദു ശിവൻ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം.എസ്. നൗഷാദ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ നിഖിലേഷ് മേനോൻ, ആശുപത്രി സൂപ്രണ്ട്. ഡോ. മേഴ്സി ഗോൺസാൽവസ്, ഫിനാൻസ് ഓഫീസർ ജോബി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

date