Skip to main content

ആരോഗ്യസേവനത്തില്‍ നാഴികക്കല്ലാകുന്ന വിവിധ പദ്ധതികള്‍ക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുടക്കം

 

സംസ്ഥാനത്തെ ഏറ്റവും മികച്ച ആതുരാലയങ്ങളില്‍ ഒന്നായ എറണാകുളം ജനറല്‍ ആശുപത്രി വികസനത്തിന്റെ കൂടുതല്‍ പടവുകളിലേക്ക്. ദേശീയതലത്തിലും സംസ്ഥാന തലത്തിലുമുള്ള  ഗുണനിലവാര പുരസ്‌കാരങ്ങളായ എന്‍എബിഎച്ച്, എന്‍ ക്യു എ എസ്, കായകല്‍പ്, ലക്ഷ്യ, മദര്‍ ആന്‍ഡ് ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ സര്‍ട്ടിഫിക്കേഷന്‍ എന്നിവ സ്വന്തമാക്കി എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കമായി. ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി  വീണാ ജോര്‍ജ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.  

1.1 കോടി രൂപ ചെലവഴിച്ച് കല്യാണ്‍ സില്‍ക്‌സിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച ഡിജിറ്റല്‍ മാമോഗ്രാം,  ടി.ജെ. വിനോദ് എം എല്‍ എ യുട പ്രാദേശിക ഫണ്ടായ 8 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം, 7 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച ഗൈനക് തീവ്ര പരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം, 50 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം, പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഓര്‍ത്തോ വാര്‍ഡിന്റെ ഉദ്ഘാടനം, ഹൈബി ഈഡന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള ഒ.പി ബ്ലോക്ക് നവീകരണം, ആശുപത്രി വികസന സമിതി ഫണ്ടില്‍ നിന്ന് 90 ലക്ഷം രൂപ ഉപയോഗിച്ചുള്ള ലേബര്‍ റൂം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം എന്നിവയാണ് നടന്നത്.  

ജനറല്‍ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തില്‍ ഏറ്റവും  മികച്ചതും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചികിത്സാ സംവിധാനവും ലഭ്യമാകുന്നുണ്ട്. ഏകദേശം 250 ഒ.പി രോഗികളും 25 ലധികം അഡ്മിഷന്‍ രോഗികളും ദിനംപ്രതി എത്തുന്നു. കൂടാതെ 40 ലധികം കീമോതെറാപ്പി, 15 ലധികം  റേഡിയോതെറാപ്പി സേവനങ്ങളും പ്രതിദിനം നല്‍കുന്നു. അനലോഗ് മാമോഗ്രാം യൂണിറ്റ് വഴിയാണ് പരിശോധന നടത്തിയിരുന്നത്. എന്നാല്‍ ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മാമോഗ്രാം യൂണിറ്റ് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്. 
മാമോമാറ്റ് ഫ്യൂഷന്‍ എന്ന സീമെന്‍സിന്റെ ഹൈ റെസൊല്യൂഷന്‍ ഇമേജസ് വഴി ഏര്‍ലി കാന്‍സര്‍ ഡിറ്റക്ഷന്‍ എന്ന ലക്ഷ്യം സഫലീകരിക്കുന്നു. കല്യാണ്‍ സില്‍ക്സിന്റെ 1 .1 കോടി  സി.എസ്.ആര്‍  ഫണ്ട് ഉപയോഗിച്ചാണ് ഡിജിറ്റല്‍ മാമോഗ്രാം യൂണിറ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്. ടി.ജെ. വിനോദ് എം.എല്‍.എയുടെ പ്രാദേശിക ഫണ്ടായ 8 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇതിനായുള്ള കെട്ടിടം നിര്‍മ്മിച്ചത്.  

എറണാകുളം ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തില്‍ അഞ്ച് വിദഗ്ധരായ ഓര്‍ത്തോ സര്‍ജന്മാരുടെ സേവനം ലഭ്യമാണ്. സങ്കീര്‍ണമായ ആര്‍ത്രോസ്‌കോപിക് സര്‍ജറികളുള്‍പ്പെടെ നൂറിലധികം ഓര്‍ത്തോ ശസ്ത്രക്രിയകളാണ് ഓരോ മാസവും നടക്കുന്നത്. കാസ്പ് ഫണ്ട് 16 ലക്ഷം രൂപ ഉപയോഗിച്ച് 25 കിടക്കകളോടെ സ്ത്രീകളുടെ വാര്‍ഡും 35 കിടക്കകളോടെ പുരുഷന്മാരുടെ വാര്‍ഡും നവീകരിച്ചു. രോഗീ സൗഹൃദ വാര്‍ഡാണ് സജ്ജീകരിച്ചിരിക്കുന്നത്. 

സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടായ 50 ലക്ഷം രൂപ ഉപയോഗിച്ച് ട്രെയിനിങ് സെന്റര്‍ /കോണ്‍ഫറന്‍സ് ഹാള്‍ നവീകരിച്ചു. രാജ്യാന്തര നിലവാരത്തിലുള്ള പുരസ്‌കാരങ്ങള്‍ നേടിയെടുക്കുന്നതിനാവശ്യമായ ട്രെയിനിങ് പ്രോഗ്രാമുകള്‍, മറ്റു യോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് ഈ സൗകര്യം വിനിയോഗിക്കും. 

കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആയ  മനു ജേക്കബ് കോവിഡ് കാലയളവില്‍ എറണാകുളം ജനറല്‍ ആശുപത്രിക്ക് നല്‍കിയ 7 ലക്ഷം രൂപ ഉപയോഗിച്ച് ഗൈനക് ഹൈ ഡിപെന്‍ഡന്‍സി യൂണിറ്റ് നവീകരിച്ചു. പ്രസവാനന്തര തീവ്രപരിചരണ യൂണിറ്റായി ഇത് പ്രവര്‍ത്തിക്കുന്നു. 

ഹൈബി ഈഡന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ഉപയോഗിച്ച് ഒപി കെട്ടിടം നവീകരിച്ചു. ആശുപത്രി രോഗി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഒപി കണ്‍സള്‍ട്ടേഷന്‍ മുറികള്‍, വിപുലമായ കാത്തിരിപ്പുകേന്ദ്രം, നൂതന സംവിധാനങ്ങളോടെയുള്ള ഒപി രജിസ്ട്രേഷന്‍ കൗണ്ടറുകള്‍, ടോക്കണ്‍ സിസ്റ്റം, വൃത്തിയായ ശുചിമുറികള്‍ തുടങ്ങിയ എല്ലാവിധ സംവിധാനങ്ങളോടെയുള്ള ഒപി സമുച്ചയമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 

ലക്ഷ്യ അക്രഡിറ്റേഷന്‍ നേടിയെടുത്ത സ്ഥാപനമാണെങ്കിലും സ്ഥലപരിമിതിയും സൗകര്യ പരിമിതികള്‍ക്കിടയിലുമാണ് ആശുപത്രി ലേബര്‍ റൂം കോംപ്ലക്‌സ് സ്ഥിതിചെയ്യുന്നത്. ആശുപത്രിയുടെ കാസ്പ് ഫണ്ടായ 90 ലക്ഷം രൂപ ഉപയോഗിച്ച് എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടെ ലക്ഷ്യ അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പുതിയ ലേബര്‍ റൂം കോംപ്ലസ് കാഷ്യാലിറ്റി ബ്ലോക്കിന്റെ ഒന്നാം നിലയില്‍ സാക്ഷാത്കരിക്കുകയാണ്. 

ചടങ്ങില്‍ ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു.  കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ മുഖ്യാതിഥിയായി. ഹൈബി ഈഡന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. കല്യാണ്‍ സില്‍ക്ക്സ് ചെയര്‍മാന്‍ പട്ടാഭിരാമനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. കൗണ്‍സിലര്‍മാരായ പദ്മജ എസ്. മേനോന്‍, മനു ജേക്കബ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. ശ്രീദേവി, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ഷഹീര്‍ഷാ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആശ കെ. ജോണ്‍, ഡോ. നിഖിലേഷ് മേനോന്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date