Skip to main content

കേരളത്തിലെ പൊതു ജനാരോഗ്യരംഗം സുശക്തം: മന്ത്രി പി.രാജീവ് 

 

കോതമംഗലത്ത്‌ നഗര ആരോഗ്യ പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു 

കേരളത്തിലെ പൊതു ജനാരോഗ്യ സംവിധാനം സുശക്തമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ്മ പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കോതമംഗലം നഗരസഭയിലെ തെക്കേ വെണ്ടുവഴി നഗര ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ (അർബൻ ഹെല്‍ത്ത്‌ & വെല്‍നസ്സ് സെന്റർ) ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.    

നമ്മുടെ ജനറൽ ആശുപത്രികളിൽ വരെ സങ്കീർണമായ ശസ്ത്രക്രിയകൾ വിജയകരമായി ചെയ്തു വരുന്ന സാഹചര്യമാണുള്ളത്. 

ഗ്രാമീണ പ്രദേശങ്ങൾക്കൊപ്പം നഗര മേഖലയിലെയും പൊതുജനാരോഗ്യം ശക്തിപ്പെടുത്തുക എന്നതാണ് സർക്കാർ നയം. അതിന്റെ ഭാഗമായാണ് നഗര ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ആരോഗ്യ രംഗത്ത് കേരളം എന്നും മറ്റ് സംസ്ഥാനങ്ങൾക്ക്  മാതൃകയാണെന്നും മന്ത്രി പറഞ്ഞു. 

ചടങ്ങിൽ ആന്റണി ജോണ്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.കെ ടോമി, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ. അനിൽകുമാർ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ  കെ.വി. തോമസ്‌, കെ.എ. നൗഷാദ്, രമ്യ വിനോദ്, ബിൻസി തങ്കച്ചൻ, സിജോ വർഗീസ്, വാർഡ് കൗൺസിലർ കെ.എ. ഷിനു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ, നഗരസഭാ സെക്രട്ടറി അൻസൽ ഐസക്ക്, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date