Skip to main content

അറുപത് ശതമാനം രോഗികളും സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നു: മന്ത്രി വീണാ ജോർജ്

 

പിറവത്ത് നേത്രചികിത്സ ഓപ്പറേഷന്‍ തീയേറ്ററും വാര്‍ഡും തുറന്നു

സംസ്ഥാനത്തെ 60 മുതൽ 70 ശതമാനം വരെ  രോഗികളെ  സർക്കാർ ആശുപത്രികളിലേക്ക് എത്തിക്കാനായത് ആരോഗ്യ വകുപ്പിൻ്റെ പ്രധാന നേട്ടമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പിറവം സർക്കാർ താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ  ആധുനിക നേത്രചികിത്സ വിഭാഗം ഓപ്പറേഷന്‍ തീയേറ്ററും വാര്‍ഡും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മുമ്പ് 30 ശതമാനം രോഗികൾ മാത്രമാണ് സർക്കാർ ആശുപത്രികളെ സമീപിച്ചിരുന്നത്. സൗജന്യ ചികിത്സ നൽകുന്നതിൽ രാജ്യത്ത് തന്നെ മുന്നിലാണ് നമ്മുടെ സംസ്ഥാനമെന്നത്  നമുക്കോരോരുത്തർക്കും അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.

സർക്കാർ അനുവദിച്ച ഒരു കോടി രൂപയും നഗരസഭക്ക് ലഭിച്ച ആർദ്ര കേരളം പുരസ്കാരത്തുകയായ പത്തുലക്ഷം രൂപയും ഉപയോഗിച്ചാണ്  പദ്ധതി പൂർത്തീകരിച്ചത്. കാറ്ററാക്ട്, ടെറിജിയന്‍ ഉള്‍പ്പെടെയുള്ള നേത്ര  രോഗങ്ങളുടെ ശസ്ത്രക്രിയക്ക് ഉപകരിക്കുന്ന വിപുലമായ തീയേറ്ററാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.   

അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ തോമസ് ചാഴികാടൻ എം പി മുഖ്യാതിഥിയായി. പിറവം നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, ഡെപ്യൂട്ടി ചെയർമാൻ  കെ പി സലിം, ജില്ലാ  മെഡിക്കൽ ഓഫീസർ ഡോ.എസ് ശ്രീദേവി, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.ആർ വിവേക് കുമാർ, എൻ എച്ച് എം പ്രോഗ്രാം മാനേജർ ഡോ.ആർ നിഖിലേഷ് മേനോൻ, 
മെഡിക്കൽ സൂപ്രണ്ട് ഡോ.സുനിൽ ഇളന്താട്ട്, നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ ഷൈനി ഏലിയാസ്, ജൂബി പൗലോസ്, ജിൽസ് പെരിയപ്പുറം, വിമൽ ചന്ദ്രൻ, വത്സല വർഗീസ്, 
 കൗൺസിലർമാരായ തോമസ് മല്ലിപ്പുറം,അജേഷ് മനോഹർ, പി ഗിരീഷ് കുമാർ, ജോജി മോൻ ചാരു പ്ലാവിൽ, ജൂലി സാബു, ആർ പ്രശാന്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date