Skip to main content
14 ഏക്കർ ഭൂമിയിൽ പൊന്നു വിളയിച്ച് മുതുവാട്ടുതാഴം പാടശേഖരത്തിലെ കർഷകർ

14 ഏക്കർ ഭൂമിയിൽ പൊന്നു വിളയിച്ച് മുതുവാട്ടുതാഴം പാടശേഖരത്തിലെ കർഷകർ

 

തരിശിടങ്ങൾ നെല്ലറയാക്കിയതിന്റെ ആഹ്ലാദത്തിലാണ്‌ ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ മുതുവാട്ടുതാഴം പാടശേഖരം. പാടത്തു നിന്ന് കർഷകർ കൊയ്തെടുത്ത നെന്മണികൾ തീർക്കുന്നത് വലിയ പ്രതീക്ഷയാണ്. തരിശായികിടന്ന 14 ഏക്കർ ഭൂമിയിൽ പൊന്നു വിളയിക്കാൻ ഒരുമനസ്സോടെ പതിനാറോളം കർഷകരാണ് വയലിലേക്ക് ഇറങ്ങിയത്. ഉമ, രക്തശാലി എന്നീ വിത്തിനങ്ങളാണ് ഇക്കുറി വിതച്ച് വിജയം കൊയ്തത്.

മുതുവാട്ടുതാഴം പാടശേഖരം ഒരു മാതൃകയാണ്. കേരളത്തിലെ സ്മൃതിയടഞ്ഞു പോയ കാർഷിക സംസ്കാരം വീണ്ടെടുക്കുന്നതിൽ ഒരു ഗ്രാമപഞ്ചായത്ത് തീർക്കുന്ന മാതൃക. മുതുവാട്ടുതാഴം പാടശേഖര സമിതിക്കൊപ്പം ആദ്യാവസാനം നെൽകൃഷിയിൽ വിജയഗാഥ തീർക്കുന്നതിൽ പഞ്ചായത്ത് മുൻനിരയിൽ നിന്നു. നെല്ലിന് പ്രാദേശികമായി വിപണി കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. 

കാർഷിക വകുപ്പ്, ബ്ലോക്ക് -ഗ്രാമപഞ്ചായത്തുകളുടെ പൂർണ പിന്തുണയിലാണ് കർഷകർ നൂറുമേനി വിളവ് നേടിയത്. തരിശുനിലമായതിനാൽ മികച്ച വളക്കൂറ് ലഭിച്ചു. കനാൽവെള്ളമാണ് കൃഷിക്കായി ഉപയോഗിച്ചത്. ജൈവവളമാണ് പൂർണമായും ഉപയോഗപ്പെടുത്തിയത്. വിഷരഹിത നെല്ല് ആളുകളിലേക്കെത്തിക്കാൻ സാധിക്കും എന്നതാണ് പ്രധാനനേട്ടം. വിത്ത് ഉപയോഗിച്ച് കരനെൽ കൃഷി നടത്താനും ലക്ഷ്യമിടുന്നു. 

തങ്ങളുടെ അധ്വാനം ഫലപ്രാപ്തിയിൽ എത്തിയ സന്തോഷത്തിലാണ് മുതുവാട്ടുതാഴം പാടശേഖരത്തിലെ കർഷകർ. പ്രയാസങ്ങൾ വന്നപ്പോഴെല്ലാം കൃഷിവകുപ്പും പഞ്ചായത്തും നൽകിയ പിന്തുണ വലുതാണെന്ന് പറയുകയാണ് കർഷകനായ ചന്ദ്രൻ മൂത്തേടത്ത്. കൃഷി നൽകുന്ന സന്തോഷം ചെറുതല്ല. അടുത്ത വർഷം വീണ്ടും കൃഷിയിറക്കാനുള്ള ഊർജമാണ് വിളവെടുപ്പ് നൽകിയതെന്നും അദ്ദേഹം പറയുന്നു.

date