Skip to main content

പാറശാല മണ്ഡലത്തിലെ രണ്ട് കളിക്കളങ്ങൾ ഇന്ന് (ഏപ്രിൽ 19) നാടിന് സമർപ്പിക്കും

ഗ്രാമീണ മേഖലയിലെ കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കായികവകുപ്പ് നടപ്പാക്കുന്ന 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി പാറശാല മണ്ഡലത്തിൽ നിർമിച്ച രണ്ട് സ്റ്റേഡിയങ്ങൾ ഇന്ന് (ഏപ്രിൽ 19) നാടിനു സമർപ്പിക്കും. പെരിങ്കടവിള ബ്ലോക്കിന് കീഴിലെ ആനാവൂർ, കള്ളിക്കാട് എന്നീ സ്റ്റേഡിയങ്ങളാണ് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്.

കള്ളിക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 11ന് കള്ളിക്കാട് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും എം.എൽ.എ ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപയും വിനിയോഗിച്ചാണ് സ്റ്റേഡിയം നിർമിച്ചത്. ആനാവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം വൈകിട്ട് നാലിന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും. ഒരു കോടി രൂപ വിനിയോഗിച്ച് ആധുനിക സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം നവീകരിച്ചിരിക്കുന്നത്. ചടങ്ങിൽ സി.കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ചടങ്ങുകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാൽ കൃഷ്ണ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവരും പങ്കെടുക്കും.

date