Skip to main content
എന്റെ കേരളം പ്രദർശന വിപണന മേള: മണൽ ശിൽപ്പം മന്ത്രി മുഹമ്മദ് റിയാസ് അനാഛാദനം ചെയ്തു

എന്റെ കേരളം പ്രദർശന വിപണന മേള: മണൽ ശിൽപ്പം മന്ത്രി മുഹമ്മദ് റിയാസ് അനാഛാദനം ചെയ്തു

 

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് 12 മുതൽ 18 വരെ ജില്ലയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം കോഴിക്കോട് ബീച്ചിൽ ഒരുക്കിയ മണൽ ശിൽപ്പം സംഘാടക സമിതി അധ്യക്ഷൻ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അനാഛാദനം ചെയ്തു. സർക്കാരിന്റെ പരിപാടിയെന്നാൽ അത് ജനങ്ങളുടെ പരിപാടിയാണെന്നും എന്റെ കേരളം പ്രദർശന വിപണന മേള ജനകീയമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ നേട്ടങ്ങൾ, വിവിധ മേഖലകളിൽ നേടിയ മുൻനിര അംഗീകാരങ്ങൾ, ക്ഷേമ വികസന സംരംഭങ്ങൾ എന്നിവ ജനങ്ങളെ അറിയിക്കുക എന്നതാണ് മേള കൊണ്ട് ഉദ്ദേശിക്കുന്നത്. തദ്ദേശീയരെ കൂടി ഉൾപ്പെടുത്തി വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളാണ് നടക്കുകയെന്നും മന്ത്രി പറഞ്ഞു. കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 30ന് രാവിലെ 11 മണിക്ക് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിർവഹിക്കും. മെയ് രണ്ടുമുതൽ ജില്ലയിൽ ആരംഭിക്കുന്ന താലൂക്ക്തല അദാലത്തുകളിലും ഏവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. 

പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ഡി ഡി സി എം.എസ് മാധവിക്കുട്ടി, ഐ ആൻഡ് പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ, ടൂറിസം ജോയിന്റ് ഡയറക്ടർ ഗിരീഷ് കുമാർ ഡി, ഘോഷയാത്ര കമ്മിറ്റി ചെയർമാൻ ഇ പ്രേംകുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബേപ്പൂർ ഉരു മാതൃകയിലുള്ള മണൽശിൽപം നിർമ്മിച്ചത് തിരുവനന്തപുരം സ്വദേശി ഷെഫീഖ്  തിരുമലയാണ്. പരിപാടിയോടനുബന്ധിച്ച് ചലച്ചിത്ര പിന്നണി ഗായകനും കേരളാ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ ഗിരീഷ് ആമ്പ്ര അവതരിപ്പിച്ച ഉരുപ്പാട്ട് അരങ്ങേറി.

date