Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 17-04-2023

തലശ്ശേരി-കൊടുവള്ളി-മമ്പറം- അഞ്ചരക്കണ്ടി-മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡ് വികസനം: ഡി പി ആർ ആയി

തലശ്ശേരി-കൊടുവള്ളി-മമ്പറം- അഞ്ചരക്കണ്ടി-മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡിന്റെ വളവുകളും കയറ്റിറക്കങ്ങളും ഒഴിവാക്കി വികസിപ്പിക്കുന്നതിനുള്ള ഡി പി ആർ തയ്യാറായി. അലൈന്‍മെൻ്റ് ഉൾപ്പെടെ ഡി പി ആർ തയ്യറാക്കുന്നതിന് ഐഡെക്ക് എന്ന സ്ഥാപനത്തെ നിയോഗിച്ചതായി കെആര്‍എഫ്ബി എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. നാലുവരിപ്പാതയാക്കുന്നതിന് ഐഡെക്ക് തയ്യാറാക്കിയ ഡിപിആര്‍ പരിശോധനഘട്ടത്തിലാണ്.

 

തീരസദസ് സംഘാടക സമിതി രൂപീകരണ യോഗം ചെവ്വാഴ്ച(ഏപ്രില്‍ 18ന്).

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും, അവരുടെ പ്രശ്‌നങ്ങള്‍ നേരില്‍ മനസിലാക്കി പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനും, സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനും കല്യാശ്ശേരി മണ്ഡലത്തില്‍ തീരസദസ് സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച(ഏപ്രില്‍ 18 ന്) രാവിലെ 11 മണിക്ക് എരിപുരത്ത് മാടായി ഗവ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് സംഘാടക സമിതി രൂപീകരണ യോഗം ചേരുമെന്ന് എം വിജിന്‍ എം എല്‍ എ അറിയിച്ചു.

നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന് തുടക്കമായി

സംസ്ഥാന സര്‍ക്കാരിന്റെ 'നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ആദ്യഘട്ട പ്രവര്‍ത്തനത്തിന് ജില്ലയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് കമ്മറ്റിയുടെ പ്രഥമ യോഗം തദ്ദേശ സ്വയംഭരണ വകുപ്പ് ജോ.ഡയറക്ടര്‍ ടി ജെ അരുണിന്റെ അധ്യക്ഷതയില്‍ നടന്നു.
മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചത്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മുഴുവന്‍ മാലിന്യവും ജൂണ്‍ അഞ്ചിനകം ജൈവം, അജൈവം എന്നിങ്ങനെ തരംതിരിക്കും. തുടര്‍ന്ന് ഇവ കൃത്യമായി നിര്‍മാര്‍ജനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും മാലിന്യമുക്ത പൊതുയിടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി ഏപ്രില്‍ 18ന് രാവിലെ 10 മണിക്ക് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ റിസോഴ്സ് പേഴ്സന്‍മാര്‍ക്ക് പരിശീലനം നല്‍കും. 22ന് രാവിലെ 10 മണിക്ക് ഡി പി സി ഹാളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷര്‍ പങ്കെടുക്കുന്ന ആലോചന യോഗം നടക്കും. 24ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, അസി. സെക്രട്ടറിമാര്‍, നോഡല്‍ ഓഫീസര്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷര്‍ തുടങ്ങിയവര്‍ക്കായി ക്യാമ്പയിനെക്കുറിച്ച് വിശദീകരിക്കും. വ്യാപാരി, വ്യവസായി, കെട്ടിട ഉടമകള്‍ തുടങ്ങിയവരുടെ യോഗം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍, കില ആര്‍ പിമാരായ പി വി രത്നാകന്‍, രവി രാമന്തളി, കില ലക്ച്ചറര്‍ കെ വിനയ, ആര്‍ജിഎസ്എ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ ശ്രുതി, നവകേരളം കര്‍മ്മ പദ്ധതി ആര്‍പി പി ശോഭ, കിം കണ്‍സല്‍ട്ടന്റ് പി വി രാമകൃഷ്ണ്‍ന്‍, ഇ വിനോദ്കുമാര്‍ തുങ്ങിയവര്‍ പങ്കെടുത്തു.

 

പരിശീലന കലണ്ടര്‍ പ്രകാശനം ചെയ്തു

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭവും ദേശീയ സഹകരണ പരിശീലന കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതുമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിന്റെ 2023 - 24 വര്‍ഷത്തെ പരിശീലന കലണ്ടര്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പ്രകാശനം ചെയ്തു.  കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ആദ്യ പ്രതി സഹകരണ സംഘം രജിസ്ട്രാര്‍ ടി വി സുഭാഷ് ഏറ്റുവാങ്ങി. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ സന്നിഹിതനായി. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം വി ശശികുമാര്‍, അംഗം വി എന്‍ ബാബു എന്നിവര്‍ സംസാരിച്ചു.

പരാതി പരിഹാര സമ്പര്‍ക്ക പരിപാടി

എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ടുമായി ബന്ധപ്പെട്ട നിധി താങ്കള്‍ക്കരികെ - ജില്ലാ വ്യാപന പദ്ധതി എന്ന ഗുണഭോക്താക്കള്‍ക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഏപ്രില്‍ 27ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ  കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ വി കെ കോംപ്ലക്‌സിലുള്ള ഇ പി എഫ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടത്തും.  
ഇ പി എഫ് അംഗങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും ഇ പി എസ് പെന്‍ഷണര്‍മാര്‍ക്കും തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്കും ഒരേ സമയം വിവര കൈമാറ്റത്തിനും പരാതി പരിഹാരത്തിനുമുള്ള വേദിയായിരിക്കും ഇത്. പെന്‍ഷന്‍ യോഗ്യത, പെന്‍ഷന്‍ തുക സംബന്ധിച്ച പ്രശ്‌നങ്ങളും, ഇ നോമിനേഷന്‍, ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചും ചര്‍ച്ച ചെയ്യും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2712388.

അധ്യാപക നിയമനം

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള വിവിധ പഠന വകുപ്പുകളിലും സെന്ററുകളിലും രണ്ട് വര്‍ഷ കാലാവധി വ്യവസ്ഥയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, കോഴ്സ് ഡയറക്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 30നകം ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസ് 1500 രൂപ.  (എസ് സി/ എസ് ടി വിഭാഗങ്ങള്‍ക്ക് 750 രൂപ).  
അപേക്ഷകര്‍ യു ജി സി/ എന്‍ സി ടി ഇ മാനദണ്ഡ പ്രകാരമുള്ള യോഗ്യത നേടിയവരായിരിക്കണം. പ്രായം 2023 ജനുവരി ഒന്നിന് 65 വയസ് കവിയരുത്. വിശദവിവരങ്ങള്‍ www.kannuruniversity.ac.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ റീസര്‍വ്വെ റിക്കാര്‍ഡുകള്‍ പരിശോധിക്കാം

അഴീക്കോട് സൗത്ത് വില്ലേജിന്റെ ഡിജിറ്റല്‍ റിസര്‍വ്വെ സംബന്ധിച്ച് തയ്യാറാക്കിയ ഡിജിറ്റല്‍ റീസര്‍വ്വെ റിക്കാര്‍ഡുകള്‍ അഴീക്കോട് കടപ്പുറം ക്യാമ്പ് ഓഫീസില്‍ ബന്ധപ്പെട്ട ഭൂവുടമസ്ഥന്‍മാരുടെ പരിശോധനക്കായി സൂക്ഷിച്ചിട്ടുണ്ട്. ഭൂവുടമസ്ഥന്‍മാര്‍ക്ക് സര്‍വ്വെ ഉദ്യോഗസ്ഥന്‍മാരുടെ സാന്നിധ്യത്തില്‍ റിക്കാര്‍ഡുകള്‍ പരിശോധിക്കാവുന്നതും പരാതിയുണ്ടെങ്കില്‍ ഒരു മാസത്തിനകം ഓണ്‍ലൈനായി കണ്ണൂര്‍ റീസര്‍വ്വെ അസിസ്റ്റന്റ്  ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാവുന്നതുമാണ്. റിക്കാര്‍ഡുകള്‍ പരിശോധിക്കാന്‍ പോകുന്നവര്‍ ബന്ധപ്പെട്ട ഭൂമിയിന്‍മേലുള്ള അവകാശ രേഖകള്‍ കൂടി കരുതണം. നിശ്ചിത ദിവസത്തിനകം റിക്കാര്‍ഡുകള്‍ പരിശോധിച്ച് അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വ്വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരുവിവരം, അതിരുകള്‍, വിസ്തീര്‍ണ്ണം എന്നിവകള്‍ കുറ്റമറ്റതായി പരിഗണിച്ച് കേരള സര്‍വ്വെ അതിരടയാളം 13 ാം വകുപ്പ് അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തുന്നതാണ്. സര്‍വ്വെ സമയത്ത് തര്‍ക്കമുന്നയിച്ച് കേരള സര്‍വ്വെ അതിരടയാളം നിയമം 10ാം വകുപ്പ് രണ്ടാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമസ്ഥന്‍മാര്‍ക്ക് ഈ നിയമം ബാധകമായിരിക്കില്ല.

അപേക്ഷ ക്ഷണിച്ചു

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്നു. 2021 - 22, 2022-23 അധ്യയന വര്‍ഷങ്ങളില്‍ എഞ്ചിനീയറിങ്, എം ബി ബി എസ്, ബി എസ് സി അഗ്രികള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, ബി എ എം എസ്, ബി എച്ച് എം എസ്, എം സി എ, എം ബി എ, ബി എസ് സി നഴ്സിങ്, എം എസ് സി നഴ്സിങ് എന്നീ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ദേശീയ, സംസ്ഥാന തലത്തില്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അതോടൊപ്പം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവ അംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനകിറ്റ് വിതരണം ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30. അപേക്ഷയും മറ്റ് വിശദ വിവരങ്ങളും എല്ലാ ജില്ലാ ഓഫീസുകളിലും ബോര്‍ഡിന്റെ kmtwwfb.org യിലും ലഭിക്കും.

ഭരണാനുമതി ലഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തി 19 ലക്ഷം രൂപ വിനിയോഗിച്ച് ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ ചാല ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് കുടിവെള്ള പദ്ധതി നടപ്പാക്കുന്ന പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

പട്ടയ കേസുകള്‍ മാറ്റി

കലക്ടറേറ്റില്‍ ഏപ്രില്‍ 19ന് വിചാരണ നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയകേസുകള്‍ മെയ് 20ലേക്ക് മാറ്റിയതായി ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

 

ഏപ്രില്‍ 18, 19 തീയ്യതികളില്‍ കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ യഥാക്രമം മെയ് 30, 31 തീയ്യതികളിലേക്ക്   മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ എരമം നോര്‍ത്ത്, എരമം നോര്‍ത്ത് എല്‍.പി സ്‌കൂള്‍, ഉള്ളൂര്‍, എരമം സൗത്ത് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 18 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വെള്ളരിയാനം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത ആറളം അംശം ദേശത്തെ റി സ. 67 ല്‍ പെട്ട 0.3358 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും ഏപ്രില്‍ 19ന് രാവിലെ 11.30ന് ആറളം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും ആറളം വില്ലേജ് ഓഫീസിലും ലഭിക്കും.  ഫോണ്‍: 0490 2494910.
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത നുച്യാട് അംശം ദേശത്തെ റി സ.ഒന്നില്‍ പെട്ട ഏഴ് സെന്റ് സ്ഥലവും അതിലുള്‍പ്പെട്ട സകലതും ഏപ്രില്‍ 19ന് രാവിലെ 11.30ന് നുച്യാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും നുച്യാട് വില്ലേജ് ഓഫീസിലും ലഭിക്കും.
 

ക്വട്ടേഷന്‍
 

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അധീനതയിലുള്ള പയ്യന്നൂര്‍ ബാക്ക് വാട്ടര്‍ ടൂറിസം സെന്റര്‍, ചൂട്ടാട് ചില്‍ഡ്രന്‍സ് പാര്‍ക്ക്, മുഴപ്പിലങ്ങാട് ബീച്ചില്‍ വാട്ടര്‍ സ്പോര്‍ട്സ് ആക്ടിവിറ്റീസ് നടത്തുന്നതിന്, ടേക്ക് എ ബ്രേക്ക് ശ്രീകണ്ഠാപുരം, മുഴപ്പിലങ്ങാട് സെന്‍ട്രല്‍ പാര്‍ക്ക്, മുഴപ്പിലങ്ങാട് ബീച്ചില്‍ സൈക്കിള്‍ സവാരി നടത്തുന്നതിന്, പൈതല്‍മല ഗൈഡന്‍സ് കം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍  നിലവിലുള്ള അവസ്ഥയില്‍ നടത്തിപ്പിന് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഏപ്രില്‍ 19ന് രാവിലെ 10.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2706336.
 

ലേലം/ക്വട്ടേഷന്‍
 

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഭാഗം മാടായി അസി.എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴില്‍ വരുന്ന വിവിധ റോഡില്‍ സ്ഥിതി ചെയ്യുന്ന മരങ്ങളുടെ ലേലം ഏപ്രില്‍ 24ന് രാവിലെ 11 മണിക്ക്  മാടായി അസി.എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടക്കും.  ഫോണ്‍: 0497 2877799.

ക്വട്ടേഷന്‍
 

ജില്ലയിലെ രണ്ടാംഘട്ട ഡിജിറ്റല്‍ സര്‍വ്വെ പ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിലേക്കായി 2011 - 2022 മോഡല്‍ ബൊലെറോ/ ജീപ്പ് വാടകക്ക് എടുക്കുന്നതിന് റീസര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഏപ്രില്‍ 26ന് ഉച്ചക്ക് രണ്ട് മണിക്കകം അസിസ്റ്റന്റ് ഡയറക്ടര്‍, റീസര്‍വ്വെ, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0497 2700513.
 

ടെണ്ടര്‍

എരഞ്ഞോളി ഫിഷ് ഫാമിന്റെ 2023 - 24 വര്‍ഷത്തെ ആക്ഷന്‍ പ്ലാന്‍ കൃഷി പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ വലിപ്പത്തിലുള്ള കരിമീന്‍, പൂമിന്‍ കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത വ്യക്തികള്‍/ ഹാച്ചറികള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഏപ്രില്‍ 28ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.

ക്വട്ടേഷന്‍
 

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലെ  മെറ്റല്‍സ് ഇനങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ 26ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
 

date