Skip to main content
തീരമേഖല കേന്ദ്രീകരിച്ച് തൊഴിൽമേളകൾ നടത്തും: മന്ത്രി സജി ചെറിയാൻ

തീരമേഖല കേന്ദ്രീകരിച്ച് തൊഴിൽമേളകൾ നടത്തും: മന്ത്രി സജി ചെറിയാൻ

 തീരദേശ -മത്സ്യത്തൊഴിലാളി മേഖലകളിൽ നിന്നുള്ള യുവജനങ്ങൾക്ക് മികച്ച തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിനായി  തീരമേഖല കേന്ദ്രീകരിച്ച് തൊഴിൽമേളകൾ നടത്തുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുതുതായി നിർമിച്ച പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. യുവതലമുറയ്ക്ക് വലിയ പ്രാധാന്യമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. കെ- ഡിസ്കുമായി ചേർന്ന് തീരമേഖല കേന്ദ്രീകരിച്ച് തൊഴിൽമേളകൾ നടത്തുന്നത് കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പതിനായിരത്തോളം വരുന്ന അഭ്യസ്തവിദ്യർക്ക്  കൈത്താങ്ങാകും. കേരളം എല്ലാ മേഖലയിലും വലിയ രീതിയിൽ മാറുകയാണെന്നും മന്ത്രി പറഞ്ഞു.

ഭരണത്തുടർച്ചയുടെ രണ്ടാം വർഷത്തിൽ സംസ്ഥാനത്തൊട്ടാകെ നിരവധി ഉദ്ഘാടനങ്ങളാണ് നടക്കുന്നത്. ആയിരക്കണക്കിന് സംരംഭങ്ങളും സ്ഥാപനങ്ങളും കേരളത്തിൽ പടുത്തുയർത്തി കൊണ്ടിരിക്കുകയാണ്. നിരവധി വർഷങ്ങളായി കേരളത്തിൽ ചെയ്യാൻ കഴിയാത്ത പല കാര്യങ്ങളും ഈ ഏഴു വർഷത്തിൽ പൂർത്തീകരിക്കാനായി. സംസ്ഥാനത്തെ എല്ലാ വികസന പ്രവർത്തനങ്ങളുടെയും നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മത്സ്യകൃഷിയിൽ വിയറ്റ്നാം മോഡൽ  നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ജലാശയങ്ങളിൽ മത്സ്യ ഉത്പാദനം വർദ്ധിപ്പിച്ച്  മത്സ്യഫെഡ് വഴി മികച്ച വിപണി കണ്ടെത്തി ഈ മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.  

ചടങ്ങിൽ പട്ടണക്കാട്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി അധ്യക്ഷത വഹിച്ചു. എഞ്ചിനീയറിംഗ് വിഭാഗം ഓഫീസുകളുടെ ഉദ്ഘാടനം എ.എം ആരിഫ് എം.പി നിർവഹിച്ചു. ദലീമ ജോജോ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, ജില്ല പഞ്ചായത്തംഗം എൻ.എസ്. ശിവപ്രസാദ്, എ.ഡി.സി ഡി. ഷിൻസ്,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. പ്രദീപ്, വി.ജി ജയകുമാർ, എം.ജി രാജേശ്വരി, മോളി രാജേന്ദ്രൻ, സുജിത ദിലീപ്, കവിത ഷാജി, ജില്ല പഞ്ചായത്ത് അംഗങ്ങളായ അനന്തു രമേശൻ, സജിമോൾ ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ എസ്.വി. ബാബു, ജയപ്രതാപൻ, അംഗങ്ങളായ മേരീദാസൻ, വിജയകുമാരി, ലത ശശിധരൻ, എ.വി. അനീഷ്, വി.കെ. സാബു, അർച്ചന ഷൈൻ, എൻ. സജി, പി.പി അനിൽകുമാർ, പട്ടണക്കാട് ബ്ലോക്ക് എ.ഇ. ഇ. ജിനേഷ് തുടങ്ങിയവർ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ നിർവഹണ ഉദ്യോഗസ്ഥരെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടുകൂടിയാണ് 2.93 കോടി രൂപ ചിലവിൽ 9533 സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ എന്നിവർക്കുളള മുറികളും എൽ.എസ്.ജി.ഡി (എൻജീനീയറിംഗ് വിംഗ്), അഗ്രികൾച്ചർ ഡയറക്ടർ ഓഫീസ്, എം.ജി.എൻ.ആർ.ഇ.ജി.എസ്. ഓഫീസ് എന്നിവയാണ് പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുക.

date