Skip to main content
കുമരകത്തുനടന്ന ജി20 ഷെർപ്പ സമ്മേളനവും വികസന പ്രവർത്തകസമിതി യോഗവും വിജയകരമായ നടപ്പാക്കിയതിനു വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം.

കുമരകം ജി20 യോഗം: വകുപ്പുകൾക്ക് ജില്ലാ ഭരണകൂടത്തിന്റെ അഭിനന്ദനം

കോട്ടയം: കുമരകത്തുനടന്ന രണ്ടാമത് ജി20 ഷെർപ്പ സമ്മേളനവും വികസന പ്രവർത്തകസമിതി യോഗവും കുറ്റമറ്റ രീതിയിൽ നടത്തിയതിന് ജില്ലയിലെ ഉദ്യോസ്ഥരെയും വകുപ്പുകളെയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെയും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിനന്ദിച്ചു. മുപ്പതോളം വകുപ്പുകളുടെ കൈകോർത്തുള്ള പ്രവർത്തനമാണ് കുമരകത്തെ ജി20 സമ്മേളനങ്ങൾ പരാതിരഹിതമായി പൂർത്തിയാക്കാൻ സാധിച്ചതിനു പിന്നിലെന്നു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ചൂണ്ടിക്കാട്ടി.
 നാട്ടുകാർ നിയന്ത്രണങ്ങളോടു സഹകരിച്ചത് വലിയ പിന്തുണയായി എന്നു കളക്ടർ ചൂണ്ടിക്കാട്ടി. ആതിഥ്യമര്യാദയോടെയും സുരക്ഷാപാളിച്ചകളില്ലാതെയും കുറ്റമറ്റ രീതിയിൽ മാർച്ചു 30 മുതൽ ഏപ്രിൽ 9 ഒൻപതുവരെ നീണ്ട രണ്ടു സമ്മേളനങ്ങൾ നടപ്പാക്കാനായി. ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികൾ കുടുംബത്തോടൊപ്പം വീണ്ടും ഇവിടേക്കു വരുമെന്നു വ്യക്തമാക്കി മടങ്ങിയത് കുമരകത്തെ വിനോദസഞ്ചാര രംഗത്തിന് വലിയ പ്രതീക്ഷയാണു നൽകുന്നത്.  നൽകുന്നത് എന്നു കളക്ടർ ചൂണ്ടിക്കാട്ടി. സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ സമയത്തുണ്ടായ പ്രതിസന്ധികളെ കൃത്യസമയത്ത് ഇടപെടാനായി. ജില്ലാഭരണകൂടത്തിന്റെ തയാറെടുപ്പുകളെ ജി20 സെക്രട്ടേറിയറ്റും സംസ്ഥാന സർക്കാരും മാധ്യമങ്ങളും പ്രശംസിക്കാനിടയാക്കിയത് ഒത്തൊരുമയോടുള്ള പ്രവർത്തനമാണെന്നും കളക്ടർ ചൂണ്ടിക്കാട്ടി.
ജി20 സമ്മേളനവുമായി ബന്ധപ്പെട്ടു റോഡുകളുടെ വികസനം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കിയതിനെ പൊതുമരാമത്ത് നിരത്ത് വിഭാഗത്തെ യോഗം അഭിനന്ദനം അറിയിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട് പോലീസ് വലിയ ദൗത്യമാണ് പിഴവില്ലാതെ ഏറ്റെടുത്തു നടപ്പാക്കിയത്. പ്രതിനിധികൾക്കു യാത്രചെയ്യുന്നതിന് ബോട്ട് ചാനലുകൾക്ക് ആഴം കൂട്ടുന്നത് അടക്കമുള്ള പ്രവർത്തികൾ മേജർ ഇറിഗേഷൻ വകുപ്പു കാര്യക്ഷമമായി പൂർത്തിയാക്കി. തദ്ദേശസ്ഥാപനങ്ങൾ തങ്ങൾക്കു ലഭിച്ച മികച്ച അവസരമായി ജി20 യോഗത്തെ മാറ്റിയെടുത്തുവെന്നും യോഗം വിലയിരുത്തി. ഏൽപ്പിച്ച ജോലികൾ എല്ലാ വകുപ്പുകളും കൃത്യതയോടെ ചെയ്തു. ഇനിയുള്ള ജി20 യോഗങ്ങൾക്കു കുമരകം മാതൃകയാക്കണമെന്നു ജി20 സെക്രട്ടേറിയറ്റ് നിർദേശിക്കുന്ന തരത്തിലേക്ക്് വിജയകരമായി പ്രവർത്തിക്കാനായെന്നും യോഗം വിലയിരുത്തി.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഡി.എഫ്.ഒ. ആർ. രാജേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ, അയ്മനം, കുമരകം, ആർപ്പൂക്കര, വെച്ചൂർ ഗ്രാമപഞ്ചായത്തു സെക്രട്ടറിമാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date