Skip to main content
ചക്കയ്ക്കും പായസത്തിനും വൻ ഡിമാൻഡ് - ലൈവായി കുടുംബശ്രീയുടെ ലൈവ് കിച്ചൺ  നോമ്പുതുറ വിഭവങ്ങൾക്ക്  ടേക്ക് എവേ  കൗണ്ടറും റഡി

ചക്കയ്ക്കും പായസത്തിനും വൻ ഡിമാൻഡ് - ലൈവായി കുടുംബശ്രീയുടെ ലൈവ് കിച്ചൺ നോമ്പുതുറ വിഭവങ്ങൾക്ക്  ടേക്ക് എവേ  കൗണ്ടറും റഡി

ചക്ക പായസം, ചക്ക അട, ചക്ക കട്ട്ലെറ്റ്, ചക്ക ചില്ലി, ചക്ക ഉണ്ണിയപ്പം...... രുചിയേറും ചക്ക വിഭവങ്ങൾ തേടി ആയിരങ്ങളാണ് ആലപ്പുഴ ബീച്ചിൽ ഒരുക്കിയ എന്റെ കേരളം പ്രദർശന -വിപണന മേളയിലെ കുടുംബശ്രീ ഫുഡ് കോർട്ടിൽ എത്തുന്നത്. പാലട, പരിപ്പ്, ചോക്ലേറ്റ്, അടപ്രഥമൻ, മുളയരി തുടങ്ങിയ പായസങ്ങൾക്കും ഇവിടെ വൻ ഡിമാൻഡാണ്. റമദാൻ മാസം ഉദ്ദേശിച്ച്  ഒരുക്കിയ പ്രത്യേക ടേക്ക്എവേ കൗണ്ടറുകളും സജീവമാണ്.

കുട്ടനാടിന്റേയും മലബാറിന്റേയും തനത് രുചികളും പ്രത്യേക നോമ്പ് തുറ വിഭവങ്ങളുമാണ് ഫുഡ്കോർട്ടിലെ മറ്റൊരാകർഷണം. കപ്പയും കുട്ടനാടൻ വിഭവങ്ങളായ കരിമീൻ മപ്പാസും കരിമീൻ ഫ്രൈയും കക്കായിറച്ചിയും മീൻകറിയും എട്ടങ്ങാടി പുഴുക്കും  തേടിയെത്തുന്നവരും ഒട്ടേറെയാണ്. മലബാർ സ്പെഷ്യൽ പലഹാരങ്ങളായ ഉന്നക്കായ, പഴം നിറച്ചത്, കിളിക്കൂട്, ചട്ടിപ്പത്തിരി, വിവിധതരം സമൂസകൾ, കട്ലറ്റുകൾ, ബ്രഡ് റോസ്റ്റ്, പഴംപൊരി തുടങ്ങിയവയാണ് നോമ്പുതുറയ്ക്കായി ഒരുക്കിയിട്ടുള്ളത്. പുറത്തെ ചൂട് ശമിപ്പിക്കാൻ ഷെയ്ക്കും ജ്യൂസുകളും ഇവിടെ റെഡിയാണ്.

ദോശവിഭവങ്ങളും തയ്യാർ

മുട്ട ദോശ, തട്ടിൽ കുട്ടി ദോശ, മസാല ദോശ, ജീരക ദോശ, ചിക്കൻ ദോശ തുടങ്ങി പത്തോളം ദോശകളുമായി രുചിയൂറും ദോശ കൗണ്ടറും ഫുട് കോർട്ടിലുണ്ട്. മത്സ്യവിഭവങ്ങളാണ് രുചി കലവറയിലെ മറ്റൊരു ആകർഷണം. ഞണ്ട്, മത്തി, അയല, ചെമ്മീൻ, കൂന്തൽ, പൊടിമീൻ, സിലോപ്പി, കരിമീൻ തുടങ്ങിയവയാണ് ഇവിടുള്ളത്. 

ലൈവ് കിച്ചനിലൂടെ മായം കലരാത്ത ഭക്ഷണം ന്യായമായ വിലയിൽ ലഭിച്ചതോടെ മേളയുടെ ഉദ്ഘാടന ദിവസവും ഇന്നലെയും ഫുഡ് കോർട്ടിൽ രുചി വൈവിധ്യങ്ങൾ തേടിയെത്തിയവരുടെ വൻ തിരക്കായിരുന്നുവെന്ന് കുടുംബശ്രീ മൈക്രോ ഇക്കണോമി കൺസൾറ്റന്റ് അൽഫോൺസ ജെയിംസ് പറഞ്ഞു. മിക്ക കൗണ്ടറുകളിലെയും ഭക്ഷണം മണിക്കൂറുകൾക്കുള്ളിൽ തീർന്നതായും അവർ പറഞ്ഞു. 
10 കുടുംബശ്രീ കൗണ്ടറുകളിലായി 50 ഓളം പേരാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഇതിന് പുറമേ ശുചീകരണത്തിനും സഹായത്തിനുമായി കുടുംബശ്രീ അംഗങ്ങളുമുണ്ട്. രാവിലെ 11 മുതൽ രാത്രി 9 വരെയാണ് ഫുഡ് കോർട്ടിന്റെ പ്രവർത്തനം. 

date