Skip to main content

എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ മിനി സ്റ്റേഡിയം മന്ത്രി വി.അബ്ദുറഹിമാൻ ഇന്ന് നാടിന് സമർപ്പിക്കും

 

 

 

എടവണ്ണ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറെ ചാത്തല്ലൂരുകാരുടെ കായിക സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാൻ മിനി സ്റ്റേഡിയം ഒരുങ്ങി. സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും സ്റ്റേഡിയത്തിനായി വാങ്ങിയ ഭൂമിയുടെ രേഖകളും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഇന്ന്(ഏപ്രിൽ24) നാടിന് സമർപ്പിക്കും. വൈകീട്ട് നാലിന് പടിഞ്ഞാറെ ചാത്തല്ലൂരിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് അധ്യക്ഷത വഹിക്കും.

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷമാണ് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ച് മിനി സ്റ്റേഡിയത്തിനായി 103 സെന്റ് സ്ഥലം വാങ്ങിയത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഒരു കളിസ്ഥലം എന്ന സ്വപ്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മിനി ചാത്തല്ലൂരിലെ സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. പഞ്ചായത്തിൽ ഇതിനോടകം നാല് വാർഡുകളിൽ കളിസ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ കായിക മേഖലയുടെ ജനകീയവത്കരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'ഒരു പഞ്ചായത്തിന് ഒരു കളിക്കളം' പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കളിക്കളത്തിനായി പാണ്ടിയാടും സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പരിപാടിയിൽ പി.വി അൻവർ എം.എൽ.എ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ, വാർഡ് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

 

date