Skip to main content

സരസ് മേള വിജയകരമായ നാലാം ദിവസത്തിലേക്ക്

ഇന്ത്യയുടെ വൈവിധ്യങ്ങള്‍ കൊല്ലത്തിന്റെ മണ്ണില്‍ അണിയിച്ചൊരുക്കി സരസ് മേള വിജയകരമായി നാലാം ദിവസത്തിലേക്ക്. മൂന്ന് ദിവസം പിന്നിടുമ്പോള്‍ കടുത്ത വേനല്‍ ചൂടിലും കണ്ണിനു കുളിര്‍മ പകര്‍ന്ന് കാഴ്ചയില്‍ പുതുമ നിറച്ചുകൊണ്ട് പ്രദര്‍ശനം തുടരുന്നു.

ദേശീയ സരസ് മേളയോടനുബന്ധിച്ച് സിനിമയും സ്ത്രീയും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സിമ്പോസിയം എം എല്‍ എ എം നൗഷാദ് ഉദ്ഘാടനം ചെയ്തു.

ഒരുകാലത്ത് സിനിമകളില്‍ അടിമത്തത്തിന്റെ പ്രതീകങ്ങളായിരുന്ന സ്ത്രീകള്‍ ഇന്ന് പോരാട്ടത്തിന്റെ പ്രതിരൂപങ്ങളായിരിക്കുന്നുവെന്ന് നൗഷാദ് എം എല്‍ എ പറഞ്ഞു. സാമൂഹിക മാറ്റങ്ങളുടെ പ്രതിഫലനം സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്കും കരുത്തേകിയെന്ന് എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

കൊല്ലം കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എസ് ജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ സിമ്പോസിയത്തിന്റെ മോഡറേറ്ററായി. എഴുത്തുകാരിയും സംവിധായികയുമായ മിനി ഐ ജി, ദുബായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച പുതുമുഖ സംവിധായികക്കുള്ള അവാര്‍ഡിനര്‍ഹയായ ഇന്ദുലക്ഷ്മി സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് സംസാരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, കോളജ് വിദ്യാര്‍ഥിനികള്‍ തുടങ്ങിയവര്‍ സിമ്പോസിയത്തില്‍ പങ്കെടുത്തു.

date