Skip to main content

മിനി കുട്ടപ്പന്റെ പരാതിക്ക് പരിഹാരമായി; റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ അനുമതി നല്‍കി വനം വകുപ്പ് ഉത്തരവിറക്കി

 

അരയ്ക്കുതാഴെ തളര്‍ന്ന് നടക്കാന്‍ പോലും സാധിക്കാതെ കുട്ടമ്പുഴയിലെ വന സൗഹൃദ സദസ്സിലെത്തി വനം വകുപ്പ് മന്ത്രിയെ കണ്ട് പരാതി അറിയിച്ച മിനി കുട്ടപ്പന്റെ പരാതിയ്ക്ക് പരിഹാരമായി. പരാതിയില്‍ ഉന്നയിച്ച റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് അനുവാദം നല്‍കി വനം വകുപ്പ് ഉത്തരവിറക്കി. പിണ്ടിമന പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ മാറിയേലില്‍ മിനി കുട്ടപ്പനാണ്   തകര്‍ന്നു കിടക്കുന്ന പിച്ചപ്ര-കടുക്കാസിറ്റി-പെരിയാര്‍ റോഡ് ഗതാഗത യോഗ്യമാക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രിയെ കണ്ട് പരാതി നല്‍കിയത്. അവര്‍ക്കൊപ്പമിരുന്ന് പരാതികള്‍ മുഴുവന്‍ കേട്ട മന്ത്രി സാങ്കേതിക തടസ്സങ്ങള്‍ നീക്കി ഉടന്‍ തന്നെ പരാതി പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിബന്ധനകള്‍ക്ക് വിധേയമായി റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ പിണ്ടിമന പഞ്ചായത്തിന് അനുവാദം നല്‍കികൊണ്ട് കഴിഞ്ഞ ദിവസം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഉത്തരവിറക്കി. കടുക്കാസിറ്റി- പെരിയാര്‍ റോഡില്‍ വന ഭൂമി ഉള്‍പ്പെടുന്ന 630 മീറ്റര്‍ നീളവും പിച്ചപ്ര- കടുക്കാസിറ്റി റോഡില്‍ 550 മീറ്റര്‍ നീളവും വനം വകുപ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായി കോണ്‍ക്രീറ്റ് ചെയ്യാനാണ് ഉത്തരവായിട്ടുള്ളത്.

date