Skip to main content

മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി വീണാ ജോർജ്

മിതമായ നിരക്കിൽ സാധാരണക്കാരായ ആളുകൾക്ക് ചികിത്സ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ പുതുതായി അനുവദിച്ച കാരുണ്യ ഫാർമസിയുടെയും ആധുനിക ഐ.സി യൂണിറ്റിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. നിലവിൽ സംസ്ഥാനത്ത് 70 ശതമാനം ആളുകളും ആശ്രയിക്കുന്നത് സർക്കാർ ആശുപത്രികളെയാണ്. 30 ശതമാനമെന്ന ഏതാനും വർഷത്തെ കണക്കിൽ നിന്നാണ് ഇരട്ടിയിലധികം ആളുകൾ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന രീതിയിലേക്കെത്തിയത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതാണ് സർക്കാർ ആശുപത്രികളെ ജനങ്ങൾക്ക് സ്വീകാര്യമാകാൻ കാരണം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1638 കോടി രൂപയാണ് സൗജന്യ ചികിത്സക്കായി ചെലവഴിച്ചത്. ഇതിൽ കേന്ദ്രം നൽകുന്നത് 138 കോടി രൂപമാത്രമാണ്. ഏറ്റവും കൂടുതൽ പേർക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കിയതിന് ദേശീയ തലത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.  പണമില്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കാനിടവരരുത് എന്നാണ് സർക്കാർ നിലപാട്.  അതിനുവേണ്ടി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് പദ്ധതി നടപ്പാക്കിയത് ഇതിന്റെ ഉദാഹരണമാണ്. സൗജന്യ കരൾ മാറ്റൽ ശസ്ത്രക്രിയ ആദ്യഘട്ടത്തിൽ കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ നടപ്പാക്കി. 2022 ഫെബ്രുവരി മാസത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടങ്ങിയ സൗജന്യ കരൾ മാറ്റ ശസ്ത്രക്രിയ വിജയകരമായി ഇന്നും തുടരുന്നുണ്ട്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും കോഴിക്കോട് മെഡിക്കൽ കോളജിലും സൗജന്യ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടു. സർക്കാർ മേഖലയിൽ അവയവ മാറ്റ ശസ്ത്രക്രിയയ്ക്കായി മാത്രം ആശുപത്രി തുടങ്ങാൻ പദ്ധതിയുണ്ട്. കോഴിക്കോട് തുടങ്ങുന്ന ആശുപത്രിക്ക് വേണ്ടി സ്പഷ്യൽ ഓഫീസറെ നിയമിക്കുകയും സ്ഥലം കെണ്ടത്തുകയും ചെയ്തിട്ടുണ്ട്. മലബാർ മേഖലയിലുള്ളവരുടെ ആരോഗ്യ സുരക്ഷയ്ക്ക് ഈ ആശുപത്രി മുതൽക്കൂട്ടാകും. അർബുദ പ്രതിരോധത്തിനും സർക്കാർ മുൻതൂക്കം നൽകുന്നുണ്ട്. ഇതിനായി 2024 ആകുമ്പോഴേക്ക് സർക്കാർ മേഖലയിൽ റോബോട്ടിക്ക് സർജറി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പരിപാടിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി നടത്തുന്ന 'ആരോഗ്യഭേരി' പദ്ധതിയുടെ ബുക്ക്‌ലെറ്റ്, ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ചടങ്ങിൽ പി. ഉബൈദുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയർത്തണമെന്നും സ്ഥല സൗകര്യങ്ങൾ ലഭ്യമാക്കാൻ സമീപത്തെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് കെട്ടിടം ഏറ്റെടുക്കണമെന്നും ഡി.ഡി ഓഫീസിന് സിവിൽ സറ്റേഷനിൽ സ്ഥലം കണ്ടെത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം മന്ത്രി വീണാ ജോർജിന് പി. ഉബൈദുള്ള എം.എൽ.എ കൈമാറി.
വെന്റിലേറ്റർ സൗകര്യങ്ങളോടെയുള്ള അഞ്ച് കിടക്കകകളടങ്ങിയ ആധുനിക ഐ.സി യൂണിറ്റാണ് ആശുപത്രിയിൽ സജ്ജമാക്കിയിട്ടുള്ളത്. എമർജൻസി കോവിഡ് റസ്പോൺസ് ഫെയിസ് ഫണ്ടിൽ നിന്നും 84,25,000 രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.
സംസ്ഥാനത്തെ 74-ാമത്തെ കാരുണ്യ ഫാർമസിയാണ് മലപ്പുറത്ത് തുടങ്ങുന്നത്. 93 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ നിന്നും മരുന്നുകൾ ലഭ്യമാക്കുക. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ കാരുണ്യ ഫാർമസി പ്രവർത്തിക്കും. 75 ലക്ഷത്തോളം രൂപയുടെ മുവായിരത്തിൽ പരം മരുന്നുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിട്ടുള്ളത്.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ്, കെ.എം.എസ്.സി.എൽ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ, മലപ്പുറം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ സിദ്ധീഖ് നൂറേങ്ങൽ, പി.കെ സക്കീർ ഹുസൈൻ, പി.കെ അബ്ദുൽ ഹക്കീം, മറിയുമ്മ ശരീഫ്, സി.പി ആയിശാബി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. സി അലിഗർ ബാബു നന്ദിയും പറഞ്ഞു.

 

 

 

date