Skip to main content

വായനവിസ്മയം പദ്ധതി സംസ്ഥാന തലത്തിൽ നടപ്പാക്കും - മന്ത്രി വി ശിവൻകുട്ടി

 

ഒരു വൈജ്ഞാനിക സമൂഹത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന കേരളത്തിൽ അധ്യാപകരെ വായനാലോകത്തിലേക്ക് നയിക്കുന്ന വായനവിസ്മയം പദ്ധതി മാതൃകാപരമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ജില്ലയിലെ മുഴുവൻ അധ്യാപകരെയും പ്രാദേശിക  ഗ്രന്ഥശാലകളിൽ അംഗങ്ങളാക്കുന്ന വായന വിസ്മയം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോഴിക്കോട് ജില്ലയിൽ ആരംഭിച്ച ഈ പദ്ധതി സംസ്ഥാനതലത്തിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.

ഏപ്രിൽ 23ന് ലോക പുസ്തക ദിനത്തിൽ ആരംഭിച്ച ക്യാമ്പയിൻ ജൂൺ 19 വായന ദിനത്തിൽ സമാപിക്കും. ഇതിനകം കോഴിക്കോട് ജില്ലയിലെ 6835 അധ്യാപകർ വിവിധ ഗ്രന്ഥശാലകളിൽ അംഗങ്ങളായതിന്റെ പ്രഖ്യാപനം മന്ത്രി നിർവഹിച്ചു. മാതൃകാപരമായ അക്കാദമിക  പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയങ്ങൾക്കുള്ള ഇന്നൊവേറ്റീവ് സ്കൂൾ പുരസ്കാരം മന്ത്രി വിതരണം ചെയ്തു.

കേന്ദ്ര സാഹിത്യ അക്കാദമി അംഗവും പ്രമുഖ സാഹിത്യകാരനുമായ കെ.പി.രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി.
എ.വി.സുധാകരൻ രചിച്ച ഇരുട്ടു പേടി എന്ന കഥാസമാഹാരം ഗ്രന്ഥശാലകൾക്ക് വിതരണം ചെയ്തു.

മുക്കം നഗരസഭാ ചെയർമാൻ പി.ടി.ബാബു, വൈസ് ചെയർപെഴ്സൺ അഡ്വ. ചാന്ദ്നി, എ.വി.സുധാകരൻ, എന്നിവർ സംസാരിച്ചു. സമഗ്ര ശിക്ഷ കോഴിക്കോട് ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ.എ.കെ.അബ്ദുൾ ഹക്കീം സ്വാഗതവും കുന്ദമംഗലം ബി.പി.സി  പി.എൻ അജയൻ നന്ദിയും പറഞ്ഞു.

date