Skip to main content

ഭവനനിർമ്മാണത്തിന് ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന സംസ്ഥാനം കേരളം - മന്ത്രി എം.ബി രാജേഷ്

 

രാജ്യത്ത് ഏറ്റവും കൂടുതൽ വീട് നിർമിച്ചു നൽകുന്നത് കേരളത്തിലാണെന്നും ഒരു വീടിന് ഏറ്റവും കൂടുതൽ തുക നൽകുന്ന സംസ്ഥാനം കേരളമാണെന്നും തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. കോർപ്പറേഷന്റെ 'കോഴിക്കോടിന്റെ സ്നേഹക്കൂട്' പാർപ്പിട പദ്ധതി പ്രഖ്യാപനവും തറക്കല്ലിടലും വെബ്സൈറ്റ് ലോഞ്ചിംഗും നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മൂന്ന് ലക്ഷത്തിലധികം വീടുകളാണ് ലൈഫ് ഭവന പദ്ധതിയിലൂടെ നിർമ്മിച്ചു നൽകിയത്. 'കോഴിക്കോടിന്റെ സ്നേഹക്കൂട്' പാർപ്പിട പദ്ധതി ഭാവിയിൽ കേരളമാകെ ഏറ്റെടുക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും മന്ത്രി പറഞ്ഞു.

പദ്ധതിക്കായുള്ള ക്രൌഡ് ഫണ്ടിംഗ് ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും ലോഗോ പ്രകാശനം തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും നിർവഹിച്ചു. കോർപ്പറേഷന്റെ മാതൃകാ പ്രവർത്തിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നതായി മന്ത്രിമാർ പറഞ്ഞു.   ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

കേരള സർക്കാരിന്റെ "ലൈഫ് - മനസ്സോടിത്തിരി മണ്ണ്" പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ കോഴിക്കോട് നഗരത്തിലെ ഭൂരഹിത ഭവനരഹിതരായ 1000 പേർക്ക് പൊതുജന പങ്കാളിത്തത്തോടെ വീട് നിർമ്മിച്ചു നൽകുന്നതാണ് പദ്ധതി. ഭൂമിയടക്കം ഒരു വീടിന്‌ 14 ലക്ഷം രൂപയാണ്‌ ചെലവ്‌ കണക്കാക്കിയിട്ടുള്ളത്‌. ഇതിനായി   സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയിൽ നിന്ന്‌ കണ്ടെത്തുന്ന തുകക്ക് പുറമെയുള്ള ആയിരം വീടൊരുക്കുന്നതിന്‌ ആവശ്യമായ  ബാക്കി തുക കോർപറേഷൻ കണ്ടെത്തണം.

ബേപ്പൂർ ജി.എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ കോർപ്പറേഷൻ സെക്രട്ടറി കെ.യു ബിനി പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, സ്ഥിരംസമിതി അംഗങ്ങളായ ഒ.പി ഷിജിന, പി ദിവാകരൻ, ഡോ. എസ് ജയശ്രീ, പി.സി രാജൻ, കൃഷ്ണകുമാരി, പി.കെ നാസർ, സി രേഖ, കൗൺസിലർമാരായ ഗിരിജ ടീച്ചർ, കെ.സി ശോഭിത, ഒ. സദാശിവൻ, എൻ.സി മോയിൻകുട്ടി, കെ. മൊയ്തീൻ കോയ, എസ്.എം തുഷാര, അഡീഷണൽ സെക്രട്ടറി കെ മനോഹർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ലോഗോ നിർമ്മിച്ച രഞ്ജിത്ത് ബാലുശ്ശേരിക്ക് ചടങ്ങിൽ ഉപഹാരം നൽകി.

date