Skip to main content

കാർഷിക സെൻസസ് :ഫ്ലാറ്റുടമകൾ വിവരങ്ങൾ നൽകണം

 

രാജ്യവ്യാപകമായി നടന്നുവരുന്ന
11-ാമത് കാർഷിക സെൻസസിന്
കൃത്യമായി വിവരങ്ങൾ നൽകി ജില്ലയിലെ എല്ലാ ഫ്ലാറ്റുടമകളും സഹകരിക്കണമെന്ന്  ജില്ലാ കളക്ടർ എൻ.എസ്.കെ  ഉമേഷ് അറിയിച്ചു.കേന്ദ്ര സർക്കാരിന്റെ കൃഷിയും കർഷകക്ഷേമവും മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം അഞ്ച് വർഷത്തിലൊരിക്കലാണ് കാർഷിക സെൻസസ് നടത്തുന്നത്.
1970-71 ലാണ് ആദ്യ കാർഷിക സെൻസസ് രാജ്യത്ത് നടന്നത്.കാർഷിക മേഖലയുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക സാമ്പത്തിക മേഖലകളിലെ നയരൂപീകരണത്തിനും ഈ സെൻസസിന്റെ ഡാറ്റ ഉപയോഗിക്കുന്നു.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഇൻവെസ്റ്റിഗേറ്റർമാരുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാർ എല്ലാ പഞ്ചായത്ത് മുനിസിപ്പാലിറ്റി / കോർപ്പറേഷനുകളിലെ എല്ലാ വീടുകളും ഫ്ലാറ്റുകളും സ്ഥാപനങ്ങളും സന്ദർശിച്ച് 2021 -22 കാർഷിക വർഷത്തെ അടിസ്ഥാനമാക്കിയുള്ള കാർഷിക മേഖലയെ സംബന്ധിക്കുന്ന വിവരങ്ങൾ ഈ സെൻസസിലൂടെ ശേഖരിക്കുന്നു.

മൂന്ന് ഘട്ടങ്ങളിലായി നടത്തപ്പെടുന്ന ഈ സെൻസസിന്റെ ഒന്നാം ഘട്ടത്തിൽ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലും കൈവശാനുഭവത്തിലുമുള്ള ഭൂമിയുടെ എണ്ണവും വിസ്തൃതിയും, സാമൂഹിക വിഭാഗം, ജെൻഡർ, ഭൂമിയുടെ തരം എന്നീ പ്രാഥമിക വിവരങ്ങളാണ് ശേഖരിക്കുന്നത്.

രാജ്യത്തിന്റെ വികസനോന്മുഖ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് വേണ്ടി മാത്രമായാണ് ഈ ഡാറ്റ ഉപയോഗിക്കുന്നത്.  ഈ സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ  മറ്റാർക്കും കൈമാറുന്നതല്ല .വകുപ്പിലെ ഉദ്യോഗസ്ഥർ അടുത്ത ദിവസങ്ങളിൽ ഫ്ലാറ്റുകൾ സന്ദർശിച്ച് ഫ്ലാറ്റ് നിവാസികളിൽ നിന്നും കൈവശഭൂമിയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. കൃത്യമായ വിവരങ്ങൾ നൽകി ഫ്ലാറ്റുടമകൾ ഈ സെൻസസിനോട് പൂർണ്ണമായും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547696128 നമ്പറിൽ ബന്ധപ്പെടുക.

date