Skip to main content

മാലിന്യം തള്ളാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി

 

തൃക്കാക്കര നഗരസഭാ പരിധിയിലെ വഴിയരികിൽ മാലിന്യം തള്ളാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി. തിങ്കളാഴ്ച(മേയ് 1) രാത്രി കുന്നുംപുറം വെസ്റ്റ് റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ നിർമ്മിതി കേന്ദ്രത്തിനടുത്ത് നിന്നാണ് ചെമ്പുമുക്ക് സ്വദേശിയായ സുനിൽ(26) പിടിയിലായത്. KL42 H 9718 എന്ന വാഹനമുപയോഗിച്ചാണ് ഇയാൾ മാലിന്യം തള്ളാൻ ശ്രമിച്ചത്.

നഗരസഭ 26-ാം ഡിവിഷനിലെ  റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. തുടർന്നുള്ള പരിശോധനയിലാണ്  മാലിന്യം തള്ളാനെത്തിയ പിക്ക് അപ്പ് വാൻ പിടികൂടിയത്. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് തൃക്കാക്കര പൊലീസ് എത്തി വാഹനം കസ്റ്റഡിയിൽ എടുത്തു. വീട്ടിൽ നിന്നുള്ള മാലിന്യമാണ് പൊതുയിടത്തു തള്ളിയതെന്ന് സുനിൽ പൊലീസിന് മൊഴി നൽകി. പൊലീസ് കേസെടുത്തു.

ഈ  സ്ഥലത്തു മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനും നഗരസഭയ്ക്കും പരാതി നൽകുമെന്നും പ്രദേശവാസികൾ പറഞ്ഞു.

date