Skip to main content

അന്തർദേശീയ  നിലവാരത്തിലുള്ള അംഗീകാരവുമായി എറണാകുളം ഗവ.നഴ്സിങ് സ്കൂൾ

 

എറണാകുളം ഗവൺമെന്റ് നഴ്സിങ് സ്കൂളിന് അന്തർദേശീയ  നിലവാരത്തിലുള്ള അംഗീകാരം.  ജനീവ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാന്റഡൈസേഷന്റെ (ഐ. എസ്.ഒ )വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അംഗീകാരമായ എഡ്യൂക്കേഷണൽ ഓർഗനൈസേഷൻ മാനേജ്മെന്റ് സിസ്റ്റം -21001 (ഇ.ഒ.എം.എസ് ) പ്രശസ്തി പത്രമാണ് നഴ്സിംഗ് സ്കൂൾ സ്വന്തമാക്കിയത്. ഇ.ഒ. എം.എസ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ നഴ്സിംഗ് സ്കൂളാണ്  എറണാകുളം ഗവൺമെന്റ് നഴ്സിങ് സ്കൂൾ.

ഗവൺമെന്റ് നഴ്സിങ് സ്കൂളിൽ  നടന്ന സർട്ടിഫിക്കേഷൻ കൈമാറൽ ചടങ്ങ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി ഉദ്ഘാടനം ചെയ്തു.  സർട്ടിഫിക്കേഷൻ ബോഡി ഐ.ആർ.ക്ലാസ് പ്രതിനിധി ടോംസി ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. എസ് ശ്രീദേവിക്ക്‌   സർട്ടിഫിക്കറ്റ് നൽകി. ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്ന് നഴ്സിങ് സ്കൂളിനു വേണ്ടി പ്രിൻസിപ്പൽ  പി.സി ഗീത  സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി. എ.ക്യു.എ ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റംസ്  മാനേജിങ് ഡയറക്ടർ ആന്റണി ജോസഫ്, നഴ്സിംഗ് ട്യൂട്ടർ ബി.സോണി തുടങ്ങിയവർ  പങ്കെടുത്തു.

date