Skip to main content

തീരപ്രദേശങ്ങളിൽ കടലാക്രമണം തടയാൻ താത്ക്കാലിക നടപടി 

 

തീരദേശത്തെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേര്‍ന്നു

മഴക്കാലത്ത് വേലിയേറ്റം നേരിടുന്ന ജില്ലയിലെ തീരപ്രദേശങ്ങളില്‍ അടിയന്തരമായി താത്ക്കാലിക മണല്‍ വാട നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കും. തീരദേശത്തെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന തോടുകള്‍ അതത് പഞ്ചായത്ത് അധികൃതര്‍ മുന്‍കൈയെടുത്ത് ശുചീകരിക്കണം. കയ്യേറിയ പുഴകളും തോടുകളും ഒഴിപ്പിച്ച് ജലസ്രോതസുകളുടെ ഒഴുക്ക് സുഗമമാക്കണം. ചെല്ലാനത്ത് ജിയോ ബാഗ് കടല്‍ഭിത്തി നിര്‍മ്മാണം ഉടന്‍ തുടങ്ങും. കാനകളിലെ തടസങ്ങള്‍ നീക്കം ചെയ്യണം. മഴക്കാലത്ത് ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ നേരത്തെ തന്നെ സ്ഥലം കണ്ടെത്തണം. അഴിമുഖത്തെ മണല്‍ത്തിട്ടകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. 

ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദുമോള്‍, മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബാജി ചന്ദ്രന്‍, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. അബ്ബാസ്, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യശോദാ ദേവി, എല്‍.എസ്.ജി.ഡി ജോയിന്‍ ഡയറക്ടര്‍ ഷെഫീഖ്, കൊച്ചി, പറവൂര്‍ തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date