Skip to main content
നിർമ്മാണം പൂർത്തിയായ കോതമംഗലം സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടം

കോതമംഗലം സബ് രജിസ്ട്രാർ ഓഫീസിന് പുതിയ മന്ദിരം ഒരുങ്ങി

കോതമംഗലം സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി. അൻപത് വർഷത്തോളം പഴക്കമുള്ള  കെട്ടിടത്തിലായിരുന്നു കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചിരുന്നത്. നിരവധി റെക്കോർഡുകളും രേഖകളും സൂക്ഷിക്കേണ്ട ഓഫീസിൽ സ്ഥല പരിമിതി മൂലം ജീവനക്കാരും, പൊതു ജനങ്ങളും വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്.

ഈ സാഹചര്യത്തിലാണ് പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയ ഓഫീസ് നിർമ്മിക്കാൻ തീരുമാനമായത്. കിഫ്ബി ഫണ്ടിൽ നിന്നും 1.73 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ആകെ 589.93 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഇരു നിലകളിലായാണ് ഓഫീസ് മന്ദിരം യാഥാർത്ഥ്യമായിരിക്കുന്നത്. അത്യാധുനിക നിലവാരത്തിൽ ഒരുക്കിയിരിക്കുന്ന കെട്ടിടത്തിൽ  ഭിന്നശേഷി സൗഹൃദ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. 

കോതമംഗലം നഗരസഭ, നെല്ലിക്കുഴി, കോട്ടപ്പടി, പിണ്ടിമന, കവളങ്ങാട്, കീരംപാറ, കുട്ടമ്പുഴ എന്നീ ഗ്രാമ പഞ്ചായത്തുകളിൽപ്പെട്ട ഒൻപത് വില്ലേജ് ഓഫീസുകളാണ് ഈ ഓഫീസിന്റെ പ്രവർത്തന പരിധിയിൽ വരുന്നത്. രജിസ്‌ട്രേഷനും മറ്റ് അനുബന്ധ സേവനങ്ങൾക്കുമായി ആയിരക്കണക്കിന് ആളുകളാണ് ഈ ഓഫീസിനെ ആശ്രയിച്ചു വരുന്നത്. നഗര മധ്യത്തിൽ തന്നെ പുതിയ കെട്ടിടം നിർമ്മിച്ചതിനാൽ ജനങ്ങൾക്ക് സൗകര്യപ്രദമായും മികച്ച നിലവാരത്തിലും സേവങ്ങൾ ലഭ്യമാക്കാൻ കഴിയും.

date