Skip to main content

മികച്ച സി.ഡി.എസ് തിരഞ്ഞെടുപ്പ്;  പ്രവർത്തനാവതരണം മെയ് 10 ന്

 

ജില്ലയിലെ മികച്ച സി.ഡി.എസിനെ തിരഞ്ഞെടുക്കുന്ന  പരിപാടി മെയ് 10ന് (ബുധനാഴ്ച) സംഘടിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ അറിയിച്ചു.മെയ് 8 ന് നടത്താനിരുന്ന പരിപാടിയാണ് മെയ് 10 ന് നടത്തുന്നത്.

 കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2022-23 സാമ്പത്തിക വർഷത്തിലെ മികച്ച സി.ഡി.എസിനെയാണ് തിരഞ്ഞെടുക്കുന്നത്.
രാവിലെ 10 മുതൽ കലൂർ പാർക്ക് സെൻട്രൽ ഹോട്ടലിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന 12 സി.ഡി.എസ്സുകൾ തങ്ങളുടെ പ്രവർത്തനം അവതരിപ്പിക്കും. ചടങ്ങിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് സി.ഡി.എസ് ചെയർപേഴ്‌സൺമാരെ അഭിസംബോധന ചെയ്യും. 

ജില്ലയിലെ ആകെ 102 സി.ഡി.എസുകളിൽ നിന്നും 65 സി.ഡി.എസുകൾ  നാമനിർദേശം സമർപ്പിച്ചിരുന്നു. സി.ഡി.എസുകളിലെ തനത് പ്രവർത്തനം, രേഖകളുടെ സൂക്ഷിപ്പ്, സംഘടന, മൈക്രോഫിനാൻസ്, സൂക്ഷ്മസംരംഭങ്ങൾ, പ്രത്യേക ഇടപെടലുകൾ, കൃഷി, മൃഗസംരക്ഷണം, ഗ്രാമീണ മേഖലയിലെ നിര്‍ധനരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തോടൊപ്പം തൊഴിലും നല്‍കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ പ്രവർത്തനങ്ങൾ (ഡിഡിയുജികെവൈ), സാമൂഹ്യ വികസനം, ജെൻഡർ മാർക്കറ്റിംഗ്, സ്കിൽ എന്നീ മേഖലകളിലെ പ്രവർത്തനം പരിഗണിച്ചാണ് 12 പേരെ ചുരുക്കപ്പട്ടിയിൽ ഉൾപ്പെടുത്തിയത്. മാറാടി, രാമമംഗലം, ആവോലി, എടത്തല, പള്ളിപ്പുറം, ചേന്ദമംഗലം, കവളങ്ങാട്, കുമ്പളം, കോട്ടുവള്ളി, എടവനക്കാട്, വെങ്ങോല എന്നീ പഞ്ചായത്തുകളിലെ സി.ഡി.എസുകളാണ് ചുരുക്കപ്പട്ടികയിലുള്ളത്. 

ജില്ലാതലത്തിൽ ഒന്നാമത് എത്തുന്ന  സിഡിഎസിന് 50,000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും.  ജില്ലയിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന സി.ഡി.എസിന് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 1,00,000 രൂപ, 75,000 രൂപ,
 50,000 രൂപ ഫലകം എന്നിവ ലഭിക്കും.

കുടുംബശ്രീ സംസ്ഥാന മിഷൻ പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ, സി.ഡി.എസ് ചെയർപേഴ്സൺമാർ, അക്കൗണ്ടന്റുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

date