Skip to main content

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: വിളംബര ജാഥയ്ക്ക് തുടക്കമായി

ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 20 മുതല്‍ 27 വരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന ഭക്ഷ്യ മേളയുടെ പ്രചാരണാര്‍ത്ഥം തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന വിളംബര ജാഥയ്ക്ക് തുടക്കമായി.
തിരുമല ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ജാഥ ഫ്ളാഗ്ഓഫ് ചെയ്തു. സർവ്വതലസ്പർശിയായ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പരാതി കേട്ട താലൂക്കുതല അദാലത്ത്, തീര സദസ്, വനസഹൃദ സദസ് എന്നിവ നിരവധി പേർക്ക് പ്രയോജനപ്പെട്ടെന്നും കളക്ടർ പറഞ്ഞു. പല വകുപ്പുകളിലും വർഷങ്ങളായി കെട്ടിക്കിടന്ന ആയിരക്കണക്കിന് പരാതികൾ തീർപ്പാക്കാൻ അദാലത്തിലൂടെ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. എന്റെ കേരളം പ്രദര്‍ശന വിപണന ഭക്ഷ്യ മേളയുടെ സന്ദേശവും കഴിഞ്ഞ രണ്ട് വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ജില്ലയിലെ എല്ലാ പ്രദേശങ്ങളിലുമെത്തിക്കുന്ന വിധത്തില്‍ 14 നിയമസഭാ മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളില്‍ വിളംബരജാഥയെത്തും. നേമം മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ രണ്ട് വർഷമായി നടത്തിയ വികസന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിശദീകരിക്കുന്ന ഇരുപത് മിനുട്ട് വീഡിയോ പ്രദര്‍ശനവും സംഗീതപരിപാടിയും ജാഥയുടെ ഭാഗമായി അരങ്ങേറി

date