Skip to main content
ക്ലീന്‍ മുളവുകാട് പദ്ധതിയുടെ ഭാഗമായി  പന്ത്രണ്ടാം വാർഡിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ

ക്ലീൻ മുളവുകാട് പദ്ധതി :അഞ്ച് ഘട്ടങ്ങളിലായി വിവിധ പ്രവർത്തനങ്ങൾ

ക്ലീൻ മുളവുകാട് പദ്ധതിയുടെ ഭാഗമായി എല്ലാ വാർഡുകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള കർമ്മപദ്ധതിയുമായി മുളവുകാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 16 വാർഡുകളിൽ നിന്നായി ഒരുമാസംകൊണ്ട് നീക്കം ചെയ്തത് 2120 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ. പഞ്ചായത്തിലൂടെ കടന്നുപോകുന്ന നാഷണൽ ഹൈവേ, പൊതുമരാമത്ത് - പഞ്ചായത്ത് റോഡുകൾ, നടപ്പാതകൾ, കായലുകൾ,  തോടുകൾ എന്നിവിടങ്ങളിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളിൽ നിന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചത്.

മാലിന്യങ്ങൾ നീക്കം ചെയ്ത്,  കൊച്ചി നഗരത്തോട് ചേർന്ന ഏറ്റവും  മനോഹരമായ ഗ്രാമമായി മുളവുകാട് പഞ്ചായത്തിനെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലീന്‍ മുളവുകാട്  പദ്ധതി ആരംഭിച്ചത്. അഞ്ച് ഘട്ടങ്ങളിൽ ആയിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

അജൈവമാലിന്യങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ എല്ലാവർക്കും മെൻസ്ട്രൽ കപ്പ് ഉറപ്പാക്കുക എന്നതാണ് ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയത്. 820 മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു. മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ,   ഉപയോഗിക്കേണ്ട രീതി    എന്നിവയിൽ    ക്ലാസും ഇതിൻ്റെ ഭാഗമായി നൽകിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ എല്ലാവർക്കും മെൻസ്ട്രൽ കപ്പുകൾ  ലഭ്യമാക്കുക എന്നതാണ്  ആദ്യ ലക്ഷ്യം.

രണ്ടാംഘട്ടത്തിൽ പൊതു ഇടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. റോഡുകൾ, ഇടറോഡുകൾ, തോടുകൾ എന്നിവിടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ശേഖരിച്ച മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. 15 വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഇതുവരെ 70 റോഡുകളും 52 തോടുകളും ശുചീകരിച്ചു. പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ , ആശാ വർക്കർമാർ, പൊതു ജനങ്ങൾ, വാർഡ് മെമ്പർമാർ, ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 

പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍  പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുളള ബോധവത്ക്കരണ ബോർഡുകള്‍ സ്ഥാപിക്കുകയാണ് മൂന്നാംഘട്ട പ്രവർത്തനം. ഇതിനുവേണ്ടിയുള്ള ക്വട്ടേഷന്‍ നടപടികൾ പുരോഗമിക്കുന്നു.

നാലാം  ഘട്ടത്തിന്‍റെ ഭാഗമായി സ്ക്വാഡുകള്‍  രൂപീകരിക്കലാണ് ലക്ഷ്യം. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടി ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി പഞ്ചായത്ത് തലത്തില്‍  ഒരു  സ്ക്വാഡും എല്ലാ വാർഡുകളിലുമായി 16 സ്ക്വാഡും രൂപീകരിക്കും. റോഡ്, തോട് എന്നിവ കേന്ദ്രീകരിച്ച് 100  മിനി സ്ക്വാഡുകളും രൂപീകരിക്കും. 

പഞ്ചായത്ത് പൂർണ്ണമായും ഭംഗിയാക്കുക, , പൂന്തോട്ടങ്ങള്‍  പരമാവധി സ്ഥലങ്ങളില്‍  നിർമ്മിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് അഞ്ചാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്. കൃഷി ഓഫീസ് ഉദ്യോഗസ്ഥർ,  കുടുംബശ്രീ-തൊഴിലുറപ്പ് അംഗങ്ങൾ, ഹരിതകർമ്മ സേന പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവരുടെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. തൊഴിലുറപ്പിന്‍റെ സഹായത്തോടെ നിലമൊരുക്കല്‍ നടത്തും. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിരുന്ന സ്ഥലങ്ങളിലെല്ലാം പൂ കൃഷി വ്യാപകമാക്കും. പബ്ലിക്ക് ഓഫീസുകള്‍, സ്കൂളുകള്‍, എന്നിവിടങ്ങളിലും  പൂകൃഷി വ്യാപകമാക്കും.

date