Skip to main content

ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും മാലിന്യവിമുക്തമാക്കണം: ജില്ലാ കളക്ടർ

ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും മെയ്‌ 15 നകം മാലിന്യവിമുക്തമാക്കണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്‌ നിർദേശിച്ചു. എല്ലാ വകുപ്പുകളും ശാസ്ത്രീയ മാലിന്യ സംസ്കരണം നടപ്പിലാക്കുന്നതിനും മാലിന്യത്തിന്റെ അളവുകുറച്ചുകൊണ്ട്  സമൂഹത്തിനു മാതൃകയാകണമെന്നും കളക്ടർ പറഞ്ഞു. ഇതിന്റെ ഭാഗമായി മെയ്‌ 13 ശനിയാഴ്ച കാക്കനാട് സിവിൽസ്റ്റേഷനിലെ എല്ലാ ഓഫീസുകളും ശുചീകരിക്കും. 

എല്ലാ ഓഫീസുകളും മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ  ജൈവ -അജൈവ മാലിന്യങ്ങളായി തരം തിരിക്കണം. അതിനായി ഓരോ ഓഫീസിലും ബയോബിൻ സ്ഥാപിക്കുന്നതിനും   ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള മാർഗ നിർദ്ദേശം നല്കാൻ ശുചിത്വമിഷൻ നേതൃത്വം വഹിക്കണം. അജൈവ മാലിന്യങ്ങൾ എല്ലാ ആഴ്ചയിലും ഹരിതകർമ്മ സേനയ്ക്ക് കൈമാറണം. പ്രകൃതി സൗഹാർദ്ദ വസ്തുക്കൾ കൂടുതലായും ഉപയോഗിക്കണം.

എല്ലാ ഓഫീസുകളിലും പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നുവെന്ന് സ്ഥാപനമേധാവി ഉറപ്പുവരുത്തണം. ശുചിത്വ- മാലിന്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എല്ലാ ഓഫീസുകളിലും ഓഫീസ് മേധാവി ചെയർമാനായി സമിതി രൂപീകരിച്ച് മാലിന്യ സംസ്കരണവും ശുചിത്വവും വിലയിരുത്തണം.

മാലിന്യവിമുക്ത കേരളവുമായി ബന്ധപ്പെട്ട്  സംഘടിപ്പിച്ച ജില്ലാതല ഉദ്യോഗസ്ഥരുടെ  യോഗത്തിൽ എ.ഡി.എം ഇൻചാർജ് എസ്. ബിന്ദു, ഡെപ്യൂട്ടി കളക്ടര്‍ ബി. അനില്‍ കുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. അനില്‍കുമാര്‍ മേനോന്‍, നവ കേരളം ജില്ലാ കോ ഓഡിനേറ്റർ എസ്. രഞ്ജിനി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date