Skip to main content

നവീകരിച്ച എടവനക്കാട് ഇക്ബാൽ റോഡ്  വ്യാഴാഴ്ച മന്ത്രി  മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ എടവനക്കാട് ഇക്ബാൽ റോഡിന്റെ ഉദ്ഘാടനം വ്യാഴാഴ്ച (മെയ് 11 ) രാവിലെ 11 ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി  പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. കൂടാതെ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന  പള്ളിപ്പുറം, എടവനക്കാട് ഗ്രാമപഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ  നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിക്കുമെന്ന്  കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു.

പള്ളിപ്പുറം തിരുമനാംകുന്ന് ക്ഷേത്ര മൈതാനത്ത്  നടക്കുന്ന ചടങ്ങിൽ  കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും.   ഹൈബി ഈഡൻ എം.പി വിശിഷ്ടാതിഥിയാകും.

 പൊതുമരാമത്ത് നിരത്ത് വിഭാഗം 2018 -2019 വർഷത്തിലെ പ്രളയ പദ്ധതിയിൽ  ഉൾപ്പെടുത്തിയാണ്  2.4 കോടി രൂപ ചെലവിൽ ഇക്ബാൽ റോഡ് സി.ബി.എം  ബി.സി നിലവാരത്തിൽ നിർമ്മിച്ചത്. വൈപ്പിൻ മണ്ഡലത്തിലെ മേജർ ജില്ലാ റോഡ് എന്ന പ്രത്യേകതയുമുണ്ട് ഈ റോഡിന്. 

 2021-2022 വർഷത്തെ നബാർഡ് പദ്ധതിയിൽ മണ്ഡലത്തിലെ വിവിധ റോഡുകൾക്കായി അഞ്ചു കോടി രൂപയാണ് ഭരണാനുമതി ലഭിച്ചത്. ഇതുവഴി നിർമ്മാണം തുടങ്ങാൻ പോകുന്ന പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ കോവിലകത്തുംകടവ് റോഡ്, എഴിഞ്ഞാംകുളം - തിരുമനാംകുന്ന് റോഡ്, വാർഡ് 17ലെ ബേക്കറി ഈസ്റ്റ് റോഡ്, എടവനക്കാട് പഞ്ചായത്തിലെ വാർഡ് അഞ്ചിൽ തെക്കേ മേത്തറ റോഡ് എന്നിവയാണ് ഉൾപ്പെടുന്നത്. പള്ളിപ്പുറത്തെ ഏഴ്, എട്ട്, ഒൻപത്, പത്ത് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് എഴിഞ്ഞാംകുളം - തിരുമനാംകുന്ന് റോഡ്.

പശ്ചാത്തല സൗകര്യ വികസനത്തിൽ വലിയ ചുവടുവയ്‌പ്പാകുന്ന നബാർഡ് പദ്ധതിയിൽ  റോഡുകളുടെ പുനരുദ്ധാരണം, ആധുനികവത്കരണം, മറ്റ് അനുബന്ധ സൗകര്യങ്ങളൊരുക്കൽ എന്നിവയ്ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. പദ്ധതി നിലവാര മാനദണ്ഡങ്ങൾ പൂർണ്ണമായി ഉറപ്പാക്കിയും സമയബന്ധിതമായി റോഡ് നിർമ്മാണം നടപ്പാക്കുമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു.

ഉദ്ഘാടനത്തിന് മുന്നോടിയായി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ചെയർപേഴ്‌സണായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടു. പള്ളിപ്പുറം പഞ്ചായത്ത് ഓഫീസ് ഹാളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിനു വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് തുളസിസോമൻ നേതൃത്വം നൽകി.

date