Skip to main content

സഹകരണ മേഖല കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊള്ളണം: മന്ത്രി വി എൻ വാസവൻ

           പുതിയ കാലത്തെ മാറ്റങ്ങളെ തിരിച്ചറിഞ്ഞ് സുതാര്യതയും ശേഷിയും ഉയർത്തുന്ന പദ്ധതികളാണ് സഹകരണ മേഖലയിൽ ഗവൺമെന്റ്‌ നടപ്പിലാക്കുന്നതെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. തിരുവനന്തപുരം ജവാഹർ സഹകരണ ഭവൻ ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സഹകരണ ബാങ്കുകളുടെ/സംഘങ്ങളുടെ ആർബിട്രേഷൻ കേസ് ഫയലുകൾ തീർപ്പാക്കുന്നതിന് ആർബിട്രേഷൻ അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനവുംനൈപുണ്യവികസന വായ്പാ പദ്ധതി പ്രഖ്യാപനവുംടീം ആഡിറ്റ് സംവിധാനത്തിന്റെ പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

           നിലവിൽ 5182 കോടി രൂപയുടെ വിവിധ കേസുകൾ നിലവിലുണ്ട്. ഇവ സമയബന്ധിതമായി പരിഹരിക്കുന്നത് സഹകാരികൾക്കും പൊതുജനങ്ങൾക്കും പ്രയോജനകരമാകും. സഹകരണ ബാങ്കുകളുടെ/സംഘങ്ങളുടെ ആർബിട്രേഷൻ കേസ് ഫയലുകൾ തീർപ്പാക്കുന്നതിന് പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.  സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആർബിട്രേഷൻ കേസുകൾ തീർപ്പാക്കുന്നതിനായി തീവ്രയജ്ഞ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ സാധാരണക്കാരായ വിദ്യാർഥികളേയും യുവാക്കളേയും തൊഴിലന്വേഷകരേയും സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി സഹകരണ വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ വായ്പാ പദ്ധതിയാണ് നൈപുണ്യവികസന വായ്പാ പദ്ധതി. യുറോപ്യൻ രാജ്യങ്ങളിലേക്കടക്കം വിദ്യാർത്ഥികളുടെ കുടിയേറ്റത്തിന്റെ സാഹചര്യം ഇന്ന് നിലവിലുണ്ട്.നമ്മുടെ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും നൈപുണ്യം നാടിന് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നൈപുണ്യവികസന വായ്പാ പദ്ധതി നടപ്പിലാക്കുന്നത്. സുതാര്യമായ അക്കൗണ്ടിംഗ് എന്ന ആശയത്തിലധിഷ്ഠിതമായാണ് ടീം ഓഡിറ്റ് പദ്ധതി നടപ്പിലാക്കുന്നത്. സഹകരണമേഖലയിലെ ആഡിറ്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുംആഡിറ്റ് സമകാലികമാക്കുന്നതിനും അതിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും വേണ്ടി സഹകരണവകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ടീം ആഡിറ്റ്. ജനാധിപത്യ ഭരണനിയന്ത്രണം എന്ന തത്വത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. സഹകരണ മേഖലയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ആമസോൺ പോലെയുള്ള ഓൺലൈൻ പാറ്റ് ഫോമുകളിൽ ലഭ്യമാകുന്ന പദ്ധതിക്കും തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.

           വി ജോയ് എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ വകുപ്പ്  സെക്രട്ടറി മിനി ആന്റണി സ്വാഗതം ആശംസിച്ചു.സഹകരണ സംഘം  ആഡിറ്റ് ഡയറക്ടർ എം എസ് ഷെറിൻ പദ്ധതി വിശദീകരണം നടത്തി. സഹകരണ സംഘം രജിസ്ട്രാർ ടി വി സുഭാഷ് നന്ദി അറിയിച്ചു

പി.എൻ.എക്‌സ്. 2076/2023

date