Skip to main content
പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ ആവിക്കുളി

യുവത്വം നിലനിർത്തണോ ,മേളയിലുണ്ട് ആവിക്കുളി

പാരമ്പര്യ ആദിവാസി വംശീയ വൈദ്യം നേരിട്ട് അറിയാൻ എൻ്റെ കേരളം മേളയിൽ അവസരം.വൈദ്യശാസ്ത്ര രംഗത്തെ ഏറെ പ്രാധാന്യമുള്ള ആവിക്കുളി ചികിത്സാരീതി മേളയിലൂടെ കൂടുതൽ ജനകീയമാക്കുകയാണ്  പട്ടിക വർഗ്ഗ വകുപ്പ്. മഞ്ഞപ്പിത്തം ആസ്ത്മ,അലർജി, നീർക്കെട്ട്, തുടങ്ങിയ രോഗങ്ങൾക്ക് അനുയോജ്യമായ ചികിത്സാ രീതിയാണ് ആവിക്കുളി. 62 തരം പച്ചമരുന്ന് ചേർത്ത ആവിയിൽ  ലയിപ്പിച്ച് രോഗി ഇരിക്കുന്ന അറയിൽ നിറയ്ക്കുന്നു. ഉച്ഛ്വാസ വായുവിലൂടെ ശ്വാസകോശത്തിലെത്തുന്ന ഈ ഔഷധമൂല്യമുള്ള ആവിയ്ക്ക് രക്തശുദ്ധി വരുത്താനാകും. 

അറയിലിരിക്കുന്ന വ്യക്തി ധാരാളമായി വിയർക്കുന്നത് ശരീരത്തിലെ ദുർമേദസ്സുകളെ അകറ്റുന്നതിന്റെ സൂചനയാണ്.ആവി മരുന്ന് തട്ടുന്നതുമൂലം രോമ കൂപങ്ങൾ വികസിക്കുകയും ത്വക്കിൽ അടിഞ്ഞുകൂടിയ കൊഴുപ്പും മറ്റും വിയർപ്പിൽ ലയിച്ച് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. നല്ലത് പോലെ വിയർത്ത ശേഷം, തേച്ച് കുളിക്കുമ്പോൾ ത്വക്കിന് പുറമെയുള്ള ജീവനില്ലാത്ത പാളികൾ ഉരിഞ്ഞ് പോകും. ഇത് ത്വക്കിനെ കൂടുതൽ ജീവസുറ്റതാക്കുന്നു. ആവിക്കുളി മാസത്തിൽ മൂന്ന് തവണ ചെയ്താൽ ശരീര ഉന്മേഷം വർദ്ധിപ്പിക്കാനും കഴിയും.രാവിലെ ആറ് മണി മുതൽ മേളയിൽ ചികിത്സ നടത്തും.അന്തരീക്ഷത്തിലെ ചൂട് സമയത്ത് ആവിക്കുളി നടത്താറില്ല. 

വയനാട്ടിൽ നിന്നും വന്ന സുനിൽ വൈദ്യനാണ് എന്റെ കേരളം മേളയിൽ ആവിക്കുളി ചികിത്സാ രീതി നടത്തുന്നത്. 500 രൂപ മാത്രമാണ് ആവിക്കുളിക്ക് ഈടാക്കുന്നത്. കൂടാതെ ഉഴിച്ചിലും ഇദ്ദേഹം നടത്തും. കൈ-കാൽ മുട്ടിന് 100 രൂപയാണ് ഫീസ്.

പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ നാല് സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ സ്വയംതൊഴിലിന്റെ ഭാഗമായി ആദിവാസി വിഭാഗക്കാർ തയ്യാറാക്കിയ നാടൻ മരുന്നും ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. ഉദരസംബന്ധമായ അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന കടുക്ക, സുഗന്ധം പരത്തുന്നതിന് സാന്റൽ പോട്പുരി, തേനീച്ചയുടെ മെഴുക് കൊണ്ടുണ്ടാക്കിയ സോപ്പ്,മറയൂർ ശർക്കര, കുടംപുളി ,ചെറുതേൻ, വൻതേൻ,പുൽതൈലം ഏലയ്ക്ക, കുരുമുളക് ,വെളുത്തുള്ളി എന്നു വേണ്ട എല്ലാം മേളയിലുണ്ട്.

date