Skip to main content

കാണാം അറിയാം കൃഷി ചെയ്യാം

ജലത്തിൽ വെട്ടി പുളയുന്ന വരാലുകൾ, കൂറ്റൻ കറുത്ത ഞണ്ടുകൾ, ചെടികൾക്കിടയിൽ നിന്ന് ഊർന്ന് വീഴുന്ന വെള്ളത്തിൽ തിലാപ്പിയ, വർണ്ണപൂരിതമായ അലങ്കാര മത്സ്യങ്ങൾ എന്നിങ്ങനെ കണ്ണിന് കുളിർമ നൽകുന്ന ഒത്തിരി കാഴ്ചകളാണ് ഫിഷറീസ് വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഇവയെ കാണാനും അടുത്തറിയാനും കൃഷി രീതി മനസ്സിലാക്കാനും അവസരം ഒരുക്കിയിരിക്കുകയാണ് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിൽ ഫിഷറീസ് വകുപ്പ്. 

വീടുകളിൽ മത്സ്യകൃഷി നടത്താനായി സർക്കാർ നടപ്പിലാക്കുന്ന മുറ്റത്തൊരു മീൻ തോട്ടം പദ്ധതി സ്റ്റാളിലും ഒരുക്കിയിട്ടുണ്ട്. നാല് മാസം മുതൽ എട്ട് മാസം വരെയുള്ള വലിയ വരാലുകളാണ് സ്റ്റാളിനകത്തെ മുറ്റത്തൊരു മീൻത്തോട്ടം കുളത്തിൽ ഉള്ളത്. വരാൽ, ആസാം വാള, കരിമീൻ എന്നീ മത്സ്യങ്ങൾ അരസെന്റ് സ്ഥലത്ത് കൃഷി ചെയ്യാവുന്ന പദ്ധതിയാണ് മുറ്റത്തൊരു മീൻത്തോട്ടം. 

കടലാസ് മുളക് ചെടിയ്ക്ക് കീഴെ വരാലും തിലാപ്പിയയും മറ്റൊരു കാഴ്ചയാണ്. ഒരേ സമയം സസ്യങ്ങളും മത്സ്യവും വളർത്തിയെടുക്കുന്ന സംയോജിത കൃഷി രീതിയായ അക്വാപോണിക്സും പരിചയപ്പെടുത്തുകയാണ് മേളയിലൂടെ ഫിഷറീസ്  വകുപ്പ്. തിലോപ്പിയ വരാൽ എന്നിവയും തക്കാളി, വഴുതന, ചീര, പാലക്ക്, പുതിന, മല്ലിയില, മുളക്, കോളിഫ്ലവർ , കാബേജ് എന്നി പച്ചക്കറികളും അക്വാപോണിക്സ് കൃഷിയിൽ ഒരുമിച്ച് വളർത്താം.മത്സ്യ കൃഷി പോലെ ചെയ്യാവുന്ന കൃഷി ചെയ്യുന്ന വലിയ ജീവനുള്ള ഗ്രീൻ ഞണ്ട്, മഡ് ഞണ്ട് എന്നിവയും മത്സ്യ കൃഷി  ജലാശയങ്ങളിൽ ജലശുദ്ധീകരണത്തിനും എയറേഷനും വേണ്ടി ഉപയോഗിക്കുന്ന ഉപകരണമായ പാഡിൽ വീൽ എയറേറ്ററും പ്രദർശനത്തിനുണ്ട്.

തിരികെ നൽകേണ്ട തീരമാണ് തലമുറകളിൽ നിന്ന് കടമെടുത്ത കടലാണ് മലിനമാക്കാതെ നൽകുക കടമയാണ് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി എന്ത് കൊണ്ട് നടപ്പാക്കുന്നു എന്ന് വരച്ചുകാട്ടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ കടലിന്റെയും കടലാമയുടെയും മറ്റ് കടൽ ജീവികളുമുള്ള ശിൽപവും സ്റ്റാളിൽ സജ്ജമാക്കിയിട്ടുണ്ട്.  

തീരദേശത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി ഭൂമി വാങ്ങി വീട് വയ്ക്കുന്നതിന് 10 ലക്ഷം ധന സഹായം നൽകുന്ന പുനർഗേഹം പദ്ധതി വരുന്നതിന് മുമ്പും ശേഷമുള്ള കാഴ്ചകൾ. ആഴമുള്ള കായലുകൾ, പുഴകൾ, പാറമടകൾ മറ്റു ജലാശയങ്ങൾ എന്നിവിടങ്ങളിൽ കൃത്രിമമായി രൂപപ്പെടുത്തുന്ന വല കൂടുകൾ സ്ഥാപിച്ച് അതിനുള്ളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് തീറ്റ നൽകി വളർത്തിയെടുക്കുന്ന  കൂടുകളിലെ മത്സ്യ കൃഷിയും സ്റ്റാളിൽ പ്രദർശനത്തിനുണ്ട്.

കൂടാതെ ജില്ലയിൽ ഫിഷറീസ്   വകുപ്പിന്  കീഴിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ,വിവിധ മത്സ്യ കൃഷി പദ്ധതികൾ  തുടങ്ങിയ വിവരങ്ങളും സ്റ്റാളിൽ ലഭ്യമാണ്.

date