Skip to main content

കൃഷി സംസ്കാരം നിലനിർത്താം, ആധുനികമായി

വെറും പത്ത് സെന്റ് സ്ഥലത്തിൽ എങ്ങനെ ശാസ്ത്രീയമായി കൃഷി ചെയ്യാം, ഒരു തുള്ളി ജലം പാഴാക്കാതെ എങ്ങനെ അമൂല്യമായി പ്രയോജനപ്പെടുത്താം, മീൻകുളത്തോട് ചേർന്ന് താറാവ് വളർത്തി ചെലവ് ചുരുക്കാം തുടങ്ങി അനേകം നൂതന കൃഷി രീതികൾ അറിഞ്ഞും കണ്ടും മനസിലാക്കി കാഴ്ചക്കാർക്ക് യാത്രയാകാം. എന്റെ കേരളം മെഗാ മേളയിൽ ജില്ലാ കൃഷി വികസന കർഷക ക്ഷേമ വകുപ്പ് ഒരുക്കിയ സ്റ്റാൾ സന്ദർശിച്ചാൽ മതിയാകും.

സോളാർ പാനലിന്റെ സഹായത്തോടെ വൈദ്യുതി ഉത്പാദിപ്പിച്ച് അത് കൃഷിക്ക് ഉപയോഗിക്കുന്ന രീതിയും വീട്ടാവശ്യം കഴിഞ്ഞ് അധികം വരുന്ന വൈദ്യുതി കെ എസ് ഇ ബിയുമായി സഹകരിച്ച് പിന്നീട് വരുന്ന വൈദ്യുത ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ അല്ലെങ്കിൽ കെ എസ് ഇ ബി യ്ക്ക് തന്നെ വിൽക്കാനോ സാധിക്കുന്ന രീതിയും സ്റ്റാളിലൂടെ ജില്ലാ കൃഷി വികസന കർഷക ക്ഷേമ വകുപ്പ് പരിചയപ്പെടുത്തുന്നു.

പത്ത് സെന്റ് സ്ഥല പരിമിതിയിൽ നിന്ന് കൊണ്ട് റൂഫ് ടോപ് കൃഷി, കിണർ റീചാർജിങ്, കോഴി, കാട, താറാവ്, ആട്, പശു, മീൻ വളർത്തൽ, മീൻ കുളം, തേനീച്ച വളർത്തൽ കരനെൽ കൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ആധൂനിക രീതിയിൽ ശാസ്ത്രീയമായി  ചെയ്യാമെന്നുമുള്ള മാതൃക കൃത്യമായി വീശദീകരിച്ചു തരാനും ഉദ്യോഗസ്ഥർ സന്നദ്ധരാണ്.കർഷകരുടെ സംശയ നിവാരണത്തിനായി അഗ്രോ ക്ലിനിക്കും മേളയിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.

date