Skip to main content

എന്റെ കേരളം മെഗാ എക്സിബിഷനിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കയ്യൊപ്പ്

യുവതയുടെ കേരളം എന്ന ആശയം മുൻ നിർത്തി എന്റെ കേരളം  പ്രദർശന വിപണന മേളയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ സേവനങ്ങൾ മേളയ്ക്ക് മാറ്റേകുന്നു. കരിയർ ഗൈഡൻസ് ക്ലാസുകൾ, ആപറ്റിറ്റ്യൂട്ട് ടെസ്റ്റ്, റോബോട്ടിക്സ്  തുടങ്ങി വ്യത്യസ്ത മേഖലകളെപ്പറ്റിയുള്ള അറിവുകളാണ് മേളയിൽ യുവതയെ കാത്തിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിലെ മികച്ച ഡിജിറ്റൽ സേവനങ്ങൾ ഇതിനോടകം ജനപ്രീതി നേടി. സ്കോളർഷിപ്പ്, കരിയർ ഗൈഡൻസ്, അഡ്മിഷൻ, റിസർച്ച് സെന്റർ, ഐക്യുഎസി തുടങ്ങിയ മേഖലയിലെ ക്യു ആർ കോഡുകൾ സ്റ്റാളിൽ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി സ്റ്റാളിലുണ്ട്.

അനവധി തൊഴിലവസരങ്ങൾ പരിചയപ്പെടുത്തിയാണ് കെ ഡിസ്ക് സ്റ്റാൾ മേളയിലൂടെ ജനങ്ങളിലെത്തുന്നത്. പുതുതലമുറയ്ക്ക് നൂതന ആശയങ്ങൾ ഉൾക്കൊണ്ട്  പ്രോജക്ടുകൾ ചെയ്യാനും സാമ്പത്തികമായും ടെക്നോളജിക്കൽ സഹായം കൈവരിക്കാനുമുള്ള ആശയങ്ങൾ കെ ഡിസ്ക് നൽകുന്നു. ഇതിനോടൊപ്പം കെ ഡിസ്കിന്റെ വിവിധ സ്‌കീമുകളെ പരിചയപ്പെടുത്തുന്നു. കൂടാതെ കരിയർ ആൻഡ് എന്റർപ്രനേഴ്സ്  സ്കിൽസ് അറിയാൻ  ഓൺലൈൻ ടെസ്റ്റും ഒരുക്കിയിട്ടുണ്ട്.

അസാപ്പിന്റെ സ്റ്റാളിൽ വിദ്യാർത്ഥികൾക്കായി എല്ലാ ദിവസവും കരിയർ ഗൈഡൻസ് ക്ലാസുകളും വിവിധ തൊഴിൽ മേഖലകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്ലസ് ടു വിദ്യാഭ്യാസം ഉള്ള എല്ലാവർക്കും ഓൺലൈൻ വഴിയോ ഓഫ് ലൈൻ വഴിയോ  ചെയ്യാവുന്ന അസാപ്പിന്റെ വിവിധ കോഴ്സുകൾ അറിയാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. അസാപ്പ് വെബ്സൈറ്റ് വഴി കോഴ്സിന് രജിസ്റ്റർ ചെയ്യാനും സ്റ്റാളിൽ കഴിയും. ഐടി, ഇലക്ട്രോണിക്സ്, മീഡിയ ആൻഡ് എന്റർടൈൻമെന്റ്, ബാങ്കിംഗ്, അഗ്രികൾച്ചർ  തുടങ്ങി 15 മേഖലകളിലായി 150ൽ പരം കോഴ്സുകളാണ് അസാപ്പ് നടത്തുന്നത്. എല്ലാ കോഴ്സുകളുടെയും പരിചയപ്പെടുത്തൽ സ്റ്റാൾ വഴി നൽകുന്നു.

വിദ്യാർത്ഥികൾക്ക് സൗജന്യമായി  ആപ്റ്റിറ്റ്യുഡ് ടെസ്റ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ടെസ്റ്റിലൂടെ അവരുടെ പ്രധാന കഴിവുകളുടെ വിശകലനവും വിദ്യാർത്ഥികളുടെ സാമർഥ്യവും വൈദഗ്ധ്യവും കണ്ടെത്താനും പരിശീലനത്തിലൂടെ നേടിയെടുക്കേണ്ട വൈദഗ്ധ്യങ്ങളെ കുറിച്ചും വിഷയങ്ങളെ വിശകലനം ചെയ്യുന്നതിനുള്ള ശേഷി, അറിവുകൾ തുടങ്ങിയ വിവരങ്ങൾ അവലോകനം ചെയ്ത്  റിപ്പോർട്ടായി നൽകും .

ടെക്നോളജി പവലിയനിൽ സൗജന്യമായി റോബോട്ടിക്സ്, ഓഗ്മെന്റ് റിയാലിറ്റി, വെർച്ചൽ റിയാലിറ്റി, മെറ്റവേഴ്‌സ് എക്സ്പീരിയൻസ് തുടങ്ങിയവ ഉൾപ്പെടുന്ന എക്സ്പീരിയൻസ് സെന്ററും എയ്റോ മോഡലിംഗ്, ആപ്പ് ഡെവലപ്മെന്റ്, ഓഗ്മെന്റഡ് റിയാലിറ്റി, റോബോട്ടിക്സ്, ത്രീഡി പ്രിന്റിംഗ് തുടങ്ങിയ പരിശീലനവും  യുവതയക്കായി ഒരുക്കിയിട്ടുണ്ട്.  
 
പുത്തൻ സാങ്കേതിവിദ്യയെ പരിചയപ്പെടുത്തുന്ന പരിശീലന പരിപാടി വിദ്യാർത്ഥികൾക്ക് ഉപയോഗപ്രദമാണ്. എല്ലാ ദിവസവും വ്യത്യസ്ത മാർന്ന പരിശീലനങ്ങളാണ് നൽകുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തി ചാറ്റ് ജി പി ടി, ആർട്ടിഫിഷൽ ടൂൾസ് പരിചയം തുടങ്ങി മാറുന്ന കാലത്തിന്റെ പുത്തൻ സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുകയാണ് ടെക്നോളജി പവലിയനിൽ.

പുതു തലമുറയുടെ സമഗ്രമായ പുരോഗതിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിലൂടെ  ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഉന്നതപഠനത്തിന് ഏതു കോഴ്‌സ് തെരഞ്ഞെടുക്കണം, ഏതു മേഖലയിലേക്ക് തിരിയണം, അനുയോജ്യമായ കോളേജുകള്‍, കോഴ്‌സ് രജിസ്‌ട്രേഷന്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് അറിയേണ്ടതിനെല്ലാം ഉത്തരമൊരുക്കി കാത്തിരിക്കുകയാണ്  മേള.

date