Skip to main content
ആലപ്പുഴയെ സമ്പൂർണ്ണ സാമൂഹിക നീതി ഉറപ്പാക്കുന്ന ജില്ലയാക്കും- മന്ത്രി ആർ. ബിന്ദു

ആലപ്പുഴയെ സമ്പൂർണ്ണ സാമൂഹിക നീതി ഉറപ്പാക്കുന്ന ജില്ലയാക്കും- മന്ത്രി ആർ. ബിന്ദു

ആലപ്പുഴ ജില്ലയെ സമ്പൂർണ്ണ സാമൂഹിക നീതി ഉറപ്പാക്കുന്ന ജില്ലയാക്കി മാറ്റുമെന്ന് സാമൂഹ്യനീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ ജില്ല ഓഫീസിനായുള്ള കെട്ടിടത്തിന്റെ ശിലാസ്ഥാപനം സിവിൽ സ്‌റ്റേഷൻ  വളപ്പിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

സാമൂഹ്യനീതി വകുപ്പിന്റെ 99 ശതമാനം പ്ലാൻ ഫണ്ടും കാര്യക്ഷമമായി വിനിയോഗിച്ച ജില്ലയാണ് ആലപ്പുഴ. വയോജനങ്ങൾക്ക് പ്രതിസന്ധിഘട്ടങ്ങളിൽ ഭക്ഷണം, ആശുപത്രിയിലെത്തുന്നതിനുള്ള വാഹന സൗകര്യം, മരുന്ന്, താമസം എന്നിവയെല്ലാം ഉറപ്പാക്കുന്നതിനുള്ള 'വയോരക്ഷ' പദ്ധതി കഴിഞ്ഞ ഒരു വർഷത്തിൽ ജില്ലയിൽ നാൽപ്പത് വയോജനങ്ങൾക്ക് പ്രയോജനമായി. ഭിന്നശേഷിക്കാരുടെ പെൺമക്കൾക്ക് വിവാഹ ധനസഹായം നൽകുന്ന പദ്ധതിവഴി ഏറ്റവും കൂടുതൽ സഹായം നൽകിയിട്ടുള്ളത് ആലപ്പുഴ സാമൂഹ്യനീതി ഓഫീസാണ്. അൻപത് പെൺകുട്ടികൾക്കാണ് ഈ പദ്ധതിയിലൂടെ സഹായം നൽകിയതെന്നും മന്ത്രി പറഞ്ഞു. 

സാമൂഹ്യനീതി ഉറപ്പാക്കിയുള്ള സമഗ്ര വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ, കുറ്റകൃത്യങ്ങൾ ചെയ്തതിന്റെ പേരിൽ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടുപോകുന്നവർ തുടങ്ങിയവർക്കെല്ലാം താങ്ങും തണലുമാകാൻ സർക്കാർ കൂടെയുണ്ട്. 'തടസരഹിത' കേരളം എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഭിന്നശേഷിക്കാർക്ക് വേണ്ടി പദ്ധതികൾ തയ്യാറാക്കുന്നത്. 'മഴവില്ല്' പദ്ധതി ഉൾപ്പെടെ ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ പുനരധിവാസം, ക്ഷേമം എന്നിവയ്ക്കായി നിരവധി പദ്ധതികൾ വകുപ്പ് നടപ്പാക്കുന്നുണ്ട്- മന്ത്രി പറഞ്ഞു.

സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ എന്റെ കേരളം പ്രദർശന വിപണന മേളയിൽ മികച്ച സ്റ്റാൾ ഒരുക്കാനായി സാമൂഹ്യ നീതി വകുപ്പിനുവേണ്ടി പ്രവർത്തിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു. 2021- 22 വർഷം സാമൂഹ്യനീതി വകുപ്പ് ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങളെ സംബന്ധിച്ച ഡോക്യുമെന്ററി, മാഗസിൻ എന്നിവയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

ചടങ്ങിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷനായി. എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയായി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടർ ഹരിത വി. കുമാർ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. താഹ, നഗരസഭ കൗൺസിലർ സിമി ഷാഫിഖാൻ, ജില്ല സാമൂഹ്യനീതി ഓഫീസർ എ.ഒ. അബീൻ, സാമൂഹ്യനീതി വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.വി. സുഭാഷ് കുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ്. ശ്രീകുമാർ,  പി.ഡബ്ല്യൂ.ഡി. എക്സിക്യൂട്ടീവ് എൻജിനീയർ ഐ. റംലാബീവി, വനിതാ ശിശു വികസന ഓഫീസർ എൽ. ഷീബ, ജില്ലാ പ്രൊബേഷൻ ഓഫീസർ ജി. സന്തോഷ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ജില്ല സാമൂഹ്യനീതി ഓഫീസ്, ജില്ല പ്രൊബേഷൻ ഓഫീസ്, കോൺഫറൻസ് ഹാൾ, കാന്റീൻ എന്നിവ ഉൾപ്പെടുന്ന മൂന്ന് നില കെട്ടിടമാണ് നിർമിക്കുന്നത്. ഇതിനായി ഒരു കോടി അറുപത്തിരണ്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
 

date